Thursday, 14 August 2025

എഴുത്തിലെ ചന്ദനസുഗന്ധം | ഡോ. പോള്‍ മണലില്‍



ഡോ. സാമുവല്‍ ചന്ദനപ്പള്ളി മണ്‍മറഞ്ഞിട്ട് കാല്‍ നൂറ്റാണ്ട്

സാഹിത്യചരിത്രങ്ങള്‍ എഴുതിയെങ്കിലും സാഹിത്യചരിത്രത്തില്‍ ഇടം കിട്ടാതെ പോയ എഴുത്തുകാരനാണ് ഡോ. സാമുവല്‍ ചന്ദനപ്പള്ളി. മിഷനറി മലയാളത്തിന്‍റെ മഹത്വവും മാഹാത്മ്യവും മലയാളികളെ അറിയിച്ച ഡോ. സാമുവല്‍ ചന്ദനപ്പള്ളി സാഹിത്യ ഗവേഷകന്‍, അധ്യാപകന്‍, പ്രഭാഷകന്‍, ജീവചരിത്രകാരന്‍, ഉപന്യാസകാരന്‍, പത്രപ്രവര്‍ത്തകന്‍ എന്നിങ്ങനെ വ്യത്യസ്ത മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയായിരുന്നു. അദ്ദേഹം മണ്‍മറഞ്ഞിട്ട് കാല്‍ നൂറ്റാണ്ടായിരിക്കുന്നു.

മഹാകവി പുത്തന്‍കാവ് മാത്തന്‍ തരകന്‍റെ ശിഷ്യനായി പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ നിന്നു മലയാളം ബിരുദം നേടിയശേഷം എറണാകുളം മഹാരാജാസ് കോളജില്‍ ബിരുദാനന്തര ബിരുദ പഠനകാലത്ത് ഗുരുവായ പ്രഫ. സി. എല്‍. ആന്‍റണിയാണ് ഡോ. ചന്ദനപ്പള്ളിയെ മിഷനറി മലയാളത്തിന്‍റെ നെല്ലും പതിരും പഠിക്കാന്‍ നിയോഗിച്ചത്. മലയാള സാഹിത്യചരി ത്രത്തില്‍ രേഖപ്പെടുത്താതെ പോയ മിഷനറിമാരുടെ സാഹിത്യ സംഭാവനകള്‍ അങ്ങനെയാണ് ഡോ. ചന്ദനപ്പള്ളി അനാവരണം ചെയ്തു തുടങ്ങിയത്. 'ആശ്ചര്യചൂഡാമണി'യുടെ കര്‍ത്താവായ ശക്തിഭദ്രന്‍റെ ജന്മനാടിനു സമീപം പത്തനംതിട്ട ജില്ലയിലെ ചന്ദനപ്പള്ളിയില്‍ ജനിച്ച സി. ഡി. സാമുവല്‍ എന്ന സാമുവല്‍ ചന്ദനപ്പള്ളി വിദ്യാഭ്യാസകാലം മുതല്‍ പ്രഭാഷണകലയിലാണ് പേരും പെരുമയും നേടിയെടുത്തത്. പ്രഭാഷണത്തിന്‍റെ മുന്നൊരുക്കത്തിനായി നടത്തിയ വായനയാണ് അദ്ദേഹത്തെ സാഹിത്യത്തിന്‍റെ കാണാപ്പാഠങ്ങള്‍ കണ്ടെത്താനുള്ള ഉദ്യമത്തില്‍ എത്തിച്ചത്. അതിന് ആദ്യം വഴിതുറന്നതു മഹാകവി പുത്തന്‍കാവ് മാത്തന്‍ തരകന്‍ തന്നെയായിരുന്നു.

ഡോ. ചന്ദനപ്പള്ളി മിഷനറിമാരുടെ സാഹിത്യ സപര്യകളെപ്പറ്റി പഠിക്കാന്‍ തുടങ്ങുമ്പോള്‍ അതേപ്പറ്റിയുള്ള പഠനങ്ങള്‍ വിരലിലെണ്ണാവുന്നതു മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഡോ. പി. ജെ. തോമസ് എഴുതിയ 'മലയാള സാഹിത്യവും ക്രിസ്ത്യാനികളും' എന്ന പുസ്തകത്തില്‍ മിഷനറിമാരുടെ സാഹിത്യ സംഭാവനകളും ചര്‍ച്ച ചെയ്തിട്ടുണ്ടായിരുന്നു. ഈ പുസ്തകവും വഴികാട്ടിയായി. തുടര്‍ന്ന് ചന്ദനപ്പള്ളി ആദ്യം പഠിച്ചതു മിഷനറി മലയാളം ഗദ്യ മാതൃകകള്‍ കണ്ടെത്താനുള്ള മേഖലയായിരുന്നു. അതിനു പൗളീനോസ് പാതിരി, പിയാനിയസ്, ജരാര്‍ദ്, ഗുണ്ടര്‍ട്ട്, ബെയ്ലി തുടങ്ങിയ മിഷനറിമാരുടെ ജീവിതവും പ്രവര്‍ത്തനങ്ങളും പഠിച്ചു. പത്തൊമ്പതാം നൂറ്റാണ്ടിലാണ് മലയാളത്തില്‍ നവീന ഗദ്യത്തിന്‍റെ ഉദയമെന്നു സമര്‍ഥിക്കുന്നുണ്ടെങ്കിലും പതിനാറാം നൂറ്റാണ്ടു മുതല്‍ മിഷനറിമാര്‍ ഭാഷാശാസ്ത്രം, വിവര്‍ത്തനം, വേദ വ്യാഖ്യാനം, ചരിത്രം, വേദശാസ്ത്രം എന്നിങ്ങനെയുള്ള മേഖലകളില്‍ നടത്തിയിട്ടുള്ള സംഭാവനകളിലൂടെ മലയാളം തമിഴിന്‍റെയും സംസ്കൃതത്തിന്‍റെയും പിടിയില്‍ നിന്നു മോചനം പ്രാപിച്ചതായി ഡോ. ചന്ദനപ്പള്ളി സമര്‍ഥിച്ചു. മലയാളഭാഷയുടെ ആധുനികഘട്ടം യഥാര്‍ഥത്തില്‍ തുടങ്ങുന്നതു പതിനാറാം നൂറ്റാണ്ടില്‍ മിഷനറിമാരുടെ സാഹിത്യ പരിശ്രമങ്ങളിലൂടെയാണെന്നു കണ്ടെത്തിയ ചന്ദനപ്പള്ളി തന്‍റെ നിരീക്ഷണങ്ങള്‍ തന്‍റെ കൃതികളിലൂടെ അവതരിപ്പിച്ചു. അവയില്‍ എടുത്തുപറയേണ്ടതാണ് മിഷനറി മലയാളം ഗദ്യമാതൃകകള്‍. മലയാള ഗദ്യത്തിന്‍റെ വളര്‍ച്ചയും വികാസവും മിഷനറിമാരുടെ ഭാഷാസപര്യയിലൂടെ യാണെന്നുള്ള പാഠങ്ങള്‍ സഹിതം വിശദീകരിക്കുന്ന പുസ്തകമായിരുന്നു 'മിഷനറി മലയാളം ഗദ്യമാതൃകകള്‍.'

തുടര്‍ന്ന് ഡോ. ചന്ദനപ്പള്ളി കൈവച്ചത് തദ്ദേശീയ മിഷനറിമാരുടെ സാഹിത്യ സംഭാവനകള്‍ സംബന്ധിച്ചായിരുന്നു. കേരള യൂണിവേഴ്സിറ്റിയില്‍ ഡോ. പി. വി. വേലായുധന്‍പിള്ളയുടെ കീഴില്‍ അദ്ദേഹം ഗവേഷണം നടത്തിയതു പാറേമ്മാക്കല്‍ തോമ്മാ കത്തനാരുടെ 'വര്‍ത്തമാനപ്പുസ്തക'ത്തെപ്പറ്റിയായിരുന്നു. 1785-ല്‍ എഴുതപ്പെട്ട വര്‍ത്തമാനപ്പുസ്തകത്തിലെ ഗദ്യത്തെ മുന്‍നിര്‍ത്തിയായിരുന്നു ഈ ഗവേഷണം. പതിനെട്ടാം നൂറ്റാണ്ടില്‍ അനേകം വിദേശ പദങ്ങളും ആശയചിന്തകളും മലയാളഭാഷയിലേക്കു സംക്രമിപ്പിച്ചുകൊണ്ടു മലയാളഗദ്യത്തെ ഭാസുരമാക്കാന്‍ പാറേമ്മാക്കല്‍ തോമ്മാ കത്തനാര്‍ക്കു കഴിഞ്ഞതായി ഡോ. ചന്ദനപ്പള്ളി തന്‍റെ പഠനത്തില്‍ ചൂണ്ടിക്കാട്ടി. വര്‍ത്തമാനപ്പുസ്തകത്തെപ്പറ്റി മലയാളത്തില്‍ നടത്തിയ ആദ്യത്തെ പഠനവും ഡോ. സാമുവല്‍ ചന്ദനപ്പള്ളിയുടേതായിരുന്നു.

അതുപോലെ, മലയാളത്തില്‍ ആദ്യമായി ഉദയംപേരൂര്‍ സൂനഹദോസിലെ (1599) കാനോനാകളെപ്പറ്റി പഠനം നടത്തിയതും ഇദ്ദേഹമായിരുന്നു. പതിനാറാം നൂറ്റാണ്ടില്‍ സ്വതന്ത്രമായ മലയാള ഗദ്യത്തിന്‍റെ വളര്‍ച്ചയെ അടയാളപ്പെടുത്തുന്നതാണ് ഇതേപ്പറ്റി എഴുതിയ 'ഉദയംപേരൂര്‍ സുന്നഹദോസിന്‍റെ കാനോനാകള്‍.' പത്തൊമ്പതാം നൂറ്റാണ്ടിലെ നവീന ഗദ്യത്തിന്‍റെ പിതാവെന്നു വിശേഷിപ്പിക്കാന്‍ കഴിയുന്ന റവ. ജോര്‍ജ് മാത്തനെപ്പറ്റിയുള്ള പഠനം ഡോ. ചന്ദനപ്പള്ളിക്കു കേരള യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡി ലിറ്റ് നേടിക്കൊടുത്തു. കേരള യൂണിവേഴ്സിറ്റിയില്‍ അതിനു മുമ്പ് ഡോ. വി. എസ്. ശര്‍മയ്ക്കു മാത്രമേ മലയാളത്തില്‍ ഡി ലിറ്റ് നല്‍കിയിട്ടുള്ളൂ. ജോര്‍ജ് മാത്തന്‍റെ രചനകളുടെ സമ്പൂര്‍ണ സമാഹാരം പഠനത്തോടെ അദ്ദേഹം പ്രസിദ്ധീകരിച്ചു.

ഡോ. ചന്ദനപ്പള്ളി തയാറാക്കിയ രണ്ടു വിശിഷ്ട കൃതികള്‍ മലങ്കരസഭാ പിതാക്കന്മാര്‍, പവിത്രരചനകള്‍ എന്നിവയാണ്. മലയാള സാഹിത്യത്തില്‍ തദ്ദേശീയ സഭാപിതാക്കന്മാരുടെ വേദശാസ്ത്ര ദര്‍ശനം എന്ന പഠനശാഖയ്ക്ക് അദ്ദേഹം തുടക്കം കുറിച്ചെന്നു പറയുന്നതില്‍ തെറ്റില്ല. മലങ്കര സഭയിലെ പിതാക്കന്മാരായ വട്ടശേരില്‍ തിരുമേനി, പൗലോസ് മാര്‍ ഗ്രിഗോറിയോസ്, ഗീവറുഗീസ് മാര്‍ ഒസ്താത്തിയോസ്, തോമ്മാ മാര്‍ ദീവന്നാസ്യോസ്, ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ തുടങ്ങിയവരുടെ വേദശാസ്ത്ര ചിന്തകളും ഇടയലേഖനങ്ങളും കല്പനകളും സമാഹരിച്ച് ആമു ഖപഠനത്തോടെ തയാറാക്കിയതാണ് 'മലങ്കരസഭാ പിതാക്കന്മാര്‍.' മലയാള സാഹിത്യത്തില്‍ പരിശുദ്ധ പരുമല മാര്‍ ഗ്രിഗോറിയോസിന്‍റെ സാഹിത്യ സംഭാവനകള്‍ അരക്കിട്ടുറപ്പിക്കുന്ന ഗ്രന്ഥമാണ് 'പവിത്ര രചനകള്‍.' പരുമല തിരുമേനിയെന്ന് അറിയപ്പെടുന്ന പിതാവിന്‍റെ സ്വകാര്യ കത്തുകളും കല്പന കളും ഇടയലേഖനങ്ങളും ഡോ. ചന്ദനപ്പള്ളി ഈ പുസ്തകത്തില്‍ സമാഹ രിച്ചിട്ടുണ്ട്. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയില്‍ പാഠപുസ്തകമായി 'പവിത്രരചനകള്‍' സിലബസില്‍ ഉള്‍പ്പെടുത്തിയത് ഇതിന്‍റെ മഹത്വത്തെ സൂചി പ്പിക്കുന്നു. തുടര്‍ന്ന് അലക്സിയോസ് മാര്‍ തേവോദോസിയോസ്, ബസേലി യോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍, പത്രോസ് മാര്‍ ഒസ്താത്തിയോസ് എന്നിവരുടെ ജീവചരിത്രങ്ങളും അവരുടെ വേദശാസ്ത്ര സംഭാവനകള്‍ വിവരിക്കുന്ന ഗ്രന്ഥങ്ങളും ചന്ദനപ്പള്ളി രചിച്ചു.

മികച്ച അധ്യാപകന്‍, ഉജ്വല വാഗ്മി എന്നീ നിലകളില്‍ ഡോ. ചന്ദനപ്പള്ളിയെ അടയാളപ്പെടുത്തേണ്ടതുണ്ട്. അദ്ദേഹത്തിന്‍റെ കീഴില്‍ ഗവേഷണം നടത്തി പിഎച്ച്ഡി ബിരുദം സമ്പാദിച്ചവരും ഏറെ ഉണ്ടെന്നുള്ളത് അദ്ദേഹത്തിന്‍റെ നിസ്തന്ദ്രമായ പാണ്ഡിത്യത്തെയും ഭാഷാ പരിജ്ഞാനത്തെയും സൂചിപ്പിക്കുന്നു. അനര്‍ഗളമായി ഒഴുകുന്ന വാക്കുകളും ആശയങ്ങളും മാത്രമല്ല ഡോ. ചന്ദനപ്പള്ളിയെ ഉജ്വല വാഗ്മി എന്നു വിശേഷിപ്പിക്കാന്‍ ഇടയാക്കുന്നത്. പ്രഭാഷണകലയില്‍ ചന്ദനപ്പള്ളിക്കു ചന്ദനസുഗന്ധം പകരുന്ന ശൈലിയുണ്ടെന്ന് സുകുമാര്‍ അഴീക്കോട് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. പ്രഭാഷണകലയില്‍ അദ്ദേഹം ആര്‍ജിച്ച സിദ്ധി ഉപന്യാസരചനയിലും പ്രകാശിപ്പിക്കപ്പെട്ടിരുന്നു.  ഹൃദയത്തിന്‍റെ ഭാഷയില്‍ ഉപന്യാസങ്ങള്‍ ചമയ്ക്കാന്‍ അദ്ദേഹത്തിന വ്യതിരിക്തമായ ഒരു ശൈലിയുണ്ടായിരുന്നു. ചന്ദനപ്പള്ളിയുടെ വിശിഷ്ടമായ ഒരു ഉപന്യാസ സമാഹാരമാണ് 'ചന്ദനവും പള്ളിയും.' എഴുത്തിലും പ്രഭാഷണത്തിലും മാത്രമല്ല, ജീവിതത്തിലും ചന്ദനത്തിന്‍റെ സുഗന്ധം പരത്തിയ മനുഷ്യനായിരുന്നു ഡോ. സാമുവല്‍ ചന്ദനപ്പള്ളി.

(ദീപിക ദിനപത്രത്തില്‍ എഴുതിയത്)

ചന്ദനവും പള്ളിയും | ഡോ. പോള്‍ മണലില്‍

 


ഡോ. സാമുവല്‍ ചന്ദനപ്പള്ളി അന്തരിച്ചിട്ട് കാല്‍ നൂറ്റാണ്ട്


ഡോ. സാമുവല്‍ ചന്ദനപ്പള്ളിയുടെ ഒരു പുസ്തകത്തിന്റെ ശീര്‍ഷകമാണ് 'ചന്ദനവും പള്ളിയും'. 1991-ല്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തില്‍ പ്രൊഫ. സി.എല്‍ ആന്റണി, ഡോ. വി.കെ. നാരായണപിള്ള ഡോ. കെ.എന്‍. എഴുത്തച്ചന്‍, ജെ. മാത്യൂസ്, കെ.വി. സൈമണ്‍, കായം കുളം ഫിലിപ്പോസ് റമ്പാന്‍ എന്നിവരെപ്പറ്റിയുള്ള കുറിപ്പുകളും മൂന്നു ലേഖനങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു. ലേഖനങ്ങളില്‍ ഒരെണ്ണത്തിന്റെ തലക്കെട്ടാണ് പുസ്തകത്തിനു നല്‍കിയിരിക്കുന്ന ശീര്‍ഷകം 'ചന്ദനവും പള്ളിയും'. ഡോ. സാമുവല്‍ ചന്ദനപ്പള്ളിയുടെ അക്ഷരസപര്യയ്ക്കു 2000 ജൂലൈ മൂന്നിനു അന്ത്യം കുറിച്ചെങ്കിലും അദ്ദേഹത്തിന്റെ സാഹിത്യജീവിതത്തിന്റെ സൗരഭ്യം പൂത്തുലഞ്ഞു നില്ക്കുന്ന ഒരു കുറിപ്പാണ് 'ചന്ദനവും
പള്ളിയും'. ഈ ലേഖനത്തിന്റെ ഹൃദയം ചന്ദനപ്പള്ളി ദേവാലയമാണ്. പള്ളിയുടെ പ്രധാന ഉത്തരം പൂര്‍വ്വികര്‍ നിര്‍മ്മിച്ചതു ചന്ദനത്തടി കൊണ്ടാണെന്നും ഈ പ്രദേശത്തു ധാരാളം ചന്ദനവൃക്ഷങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഈ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഡോ. ചന്ദനപ്പള്ളിയുടെ വാക്കുകള്‍ ഉദ്ധരിക്കാം. ''ചന്ദനം തേച്ചാല്‍ നിറം വരുത്തും. ചന്ദനം ചാരിയാല്‍ ചന്ദനം മണക്കും. ചന്ദനത്തടി ഉരഞ്ഞ് ഉരഞ്ഞ് സ്വജീവിതം ത്യജിക്കുന്നു. ഉരയ്ക്കുന്ന കല്ലിനും കുളിര്‍മ്മ നല്‍കുന്നു. സ്വജീവിതം അന്യര്‍ക്കു നല്‍കുന്നതില്‍ ആത്മനിര്‍വൃതിയടയുന്ന ദേവവൃക്ഷം. മനുഷ്യര്‍ക്കു അനുകരണീയമായ മാതൃക. സുഗന്ധം
പ്രദാനം ചെയ്യുന്ന ചന്ദനമുട്ടികളായി മനുഷ്യര്‍ രൂപാന്തരപ്പെടണം''.

ഡോ. സാമുവല്‍ ചന്ദനപ്പള്ളിയുടെ എഴുത്തിന്റെ തത്ത്വശാസ്ത്രവും ഇതു തന്നെയായിരുന്നു. സഭയ്ക്കും സമൂഹത്തിനും സുഗന്ധം പ്രദാനം ചെയ്ത ഒരു ചന്ദനമുട്ടിയായിയുന്നു കാല്‍നൂറ്റാണ്ട് മുമ്പ് നമ്മെ വിട്ടുപിരിഞ്ഞ ചന്ദനപ്പള്ളി ചരിവുകാലായില്‍ സി.ഡി. സാമുവല്‍ എന്ന ഡോ. സാമുവല്‍ ചന്ദനപ്പള്ളി. ആധ്യാത്മിക അനുഭൂതിയുടെ അമരവാണികള്‍ ഉരുവിടുന്ന ദേവാലയങ്ങളുടെ നാട്ടില്‍ ജനിച്ച ഈ പ്രതിഭ തന്റെ ജീവിതത്തില്‍ ചന്ദനത്തെയും പള്ളിയും സമന്വയിപ്പിച്ചുകൊണ്ട് തന്റെ ഹൃദയത്തില്‍ അതിനു പള്ളികൊള്ളാന്‍ ജാലകം തുറന്നുവച്ച അക്ഷരസ്‌നേഹിയും അക്ഷരപാലകനും അക്ഷരജ്ഞാനിയുമായിരുന്നു. ഡോ. സാമുവല്‍ ചന്ദനപ്പള്ളിയുടെ അക്ഷരജീവിതം മുഖ്യമായും മിഷനറി മലയാള സാഹിത്യ പഠനവും മലങ്കരസഭാ പിതൃവിജ്ഞാനീയപഠനവും മുന്‍നിര്‍ത്തിയുള്ളതായിരുന്നു. മിഷനറി മലയാളത്തിന്റെ നെല്ലും പതിരും വേര്‍തിരിച്ചുകൊണ്ട് മിഷനറിമാര്‍ മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നല്‍കിയ സംഭാവനകള്‍ ഡോ. ചന്ദനപ്പള്ളി അവതരിപ്പിച്ചു. ഉദയംപേരൂര്‍ സുന്നഹദോസിന്റെ കാനോനാകള്‍ മുതല്‍ ക്രൈസ്തവ സംസ്‌ക്കാരത്തിന്റെ വേരുകള്‍ തേടി പുറപ്പെട്ട അദ്ദേഹം പതിനാറാം നൂറ്റാണ്ട് മുതല്‍ പത്തൊമ്പതാം നൂറ്റാണ്ടുവരെയുള്ള മിഷനറിമാരുടെ സാഹിത്യ സാഹചര്യകളെപ്പറ്റി പഠിക്കുകയും 'മിഷനറി മലയാള ഗദ്യമാതൃകകള്‍' പോലെയുള്ള അനര്‍ഘമായ രചനകള്‍ നടത്തുകയും ചെയ്തു.

പ്രേഷിത പ്രവര്‍ത്തനത്തിനു കേരളത്തിലെത്തിയ വിവിധ മിഷനറി സംഘങ്ങളിലെ വൈദികര്‍ നടത്തിയ കൈരളീസപര്യ മലയാള ഭാഷയില്‍ പുതുമുദ്രകള്‍ പതിപ്പിക്കുവാന്‍ ഇടവരുത്തിയതായി 'മിഷനറി മലയാള ഗദ്യമാതൃകകള്‍' എന്ന ഗ്രന്ഥത്തില്‍ സാമുവേല്‍ ചന്ദനപ്പള്ളി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഭാഷയ്ക്കും സാഹിത്യത്തിനും മഹത്തായ നേട്ടം കൈവരിക്കുവാന്‍ കഴിഞ്ഞതുകൊണ്ട് മിഷനറിമാരുടെ സേവനകാലത്തെ പ്രേഷിത പ്രവര്‍ത്തിയുടെ 'മഹത്തായയുഗം' എന്ന് ഡോ. ചന്ദനപ്പള്ളി വിശേഷിപ്പിച്ചിട്ടുണ്ട്. ഇപ്രകാരം മലയാള സാഹി ത്യ ചരിത്രത്തില്‍ മിഷനറിമാരെ അടയാളപ്പെടുത്തിയ എഴുത്തുകാരനാണ് ഡോ. ചന്ദനപ്പള്ളി, സംവേദനം, വേദതീര്‍ത്ഥം, ക്രൈസ്തവസംസ്‌കാരം, ജരാര്‍ദിന്റെ അലങ്കാരശാസ്ത്രം, വര്‍ത്തമാനപുസ്തകത്തിനു ഒരവതാരിക, ഉദയംപേരൂര്‍ സുന്നഹദോസിന്റെ കാനോനാകള്‍, മൊഴിവരകള്‍ തുടങ്ങിയ പുസ്തകങ്ങളില്‍ അതിന്റെ രൂപരേഖകള്‍ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. തുടര്‍ന്ന് അദ്ദേഹത്തിന്റെ പഠന-ഗവേഷണങ്ങള്‍ ഉണ്ടായതു തദ്ദേശീയ മിഷനറിമാരുടെയും എഴുത്തുകാരുടെയും സാഹിത്യസംഭാവനകളെ മുന്‍നിര്‍ത്തിയായിരുന്നു. റവ. ജോര്‍ജ് മാത്തന്റെ ഗദ്യപ്രബന്ധങ്ങള്‍, മഹകവി മാത്തന്‍ തരകന്‍ തുടങ്ങിയ രചനകള്‍ അതിന്റെ ദൃഷ്ടാന്തങ്ങളാണ്. എന്നാല്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയെ സംബന്ധിച്ച് ഡോ. സാമുവല്‍ ചന്ദനപ്പള്ളി നടത്തിയിട്ടുള്ള അന്വേഷണങ്ങളും പഠനങ്ങളും സഭയുടെ സാംസ്‌കാരിക പൈതൃകത്തിനും പി താക്കന്മാരുടെ ജീവിതവും ചിന്തകളും അദ്ദേഹം സമാഹരിച്ചു.

മലങ്കരസഭയിലെ പിതാക്കന്മാരുടെ വേദശാസ്ത്ര ചിന്തകളും ദര്‍ശനങ്ങളും സമാഹരിക്കുന്ന ഒരു ഗ്രന്ഥം ആദ്യമായി പ്രസിദ്ധപ്പെടുത്തിയതു ഡോ. സാമുവല്‍ ചന്ദനപ്പള്ളിയാണ്-അതാണ് 'മലങ്കരസഭാ പിതാക്കന്മാര്‍' എന്ന ഗ്രന്ഥം. നമ്മുടെ പിതാക്കന്മാരുടെ വാക്കിലും വചനത്തിലും അടിഞ്ഞുകിടക്കുന്ന വേദശാസ്ത്രവും ദൈവശാസ്ത്രവും സമാഹരിച്ചുകണ്ട് മലയാളത്തില്‍ ഒരു പിതൃവിജ്ഞാനീയ പഠനശാഖയാണ് 'മലങ്കരസഭാപിതാക്കന്മാര്‍' എന്ന ഗ്രന്ഥത്തിലൂടെ ഡോ. ചന്ദനപ്പള്ളി തുറന്നുവച്ചത്. മലങ്കരസഭയുടെ ചരിത്രവും പാരമ്പര്യവും പഠിക്കുന്നവര്‍ക്കു ഡോ. ചന്ദനപ്പള്ളിയുടെ ഉദ്യമങ്ങള്‍ ഭാവിയില്‍ ഒരു വഴികാട്ടിയായിരിക്കും. പിതൃവിജ്ഞാനീയ പഠനശാലയില്‍ പവിത്രരചനകള്‍, മാര്‍ ബസേലി
യോസ് ഗീവര്‍ഗീസ് ദ്വിതീയന്‍, മാര്‍ തെയോഫിലോസിന്റെ പ്രബന്ധങ്ങള്‍, കായംകുളം ഫീലിപ്പോസ് റമ്പാന്‍ പ്രഥമ ബൈബിള്‍ വിവര്‍ത്തകന്‍, പരിശുദ്ധ വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ്, സ്‌നേഹയാത്രികന്റെ ആത്മകഥ, മൈലപ്ര മാത്യൂസ് റമ്പാന്റെ മധുരഭാഷണം, അലക്‌സിയോസ് മാര്‍ തേവോദോസ്യോസ് എന്നീ കൃതികളും ഡോ. ചന്ദനപ്പള്ളി രചിച്ചു. മലങ്കര സഭാ പിതാക്കന്മാരെപ്പറ്റി നടത്തിയ പഠനങ്ങള്‍ അദ്ദേഹത്തിനു കാതോലിക്കേറ്റ് അവാര്‍ഡ് നേടിക്കൊടുത്തു. റവ. ജോര്‍ജ് മാത്തന്റെ സാഹിത്യസംഭാവനകളെപ്പറ്റിയുള്ള പഠനത്തിനു കേരള യൂണിവേഴ്‌സിറ്റി ഡോ. ചന്ദനപ്പള്ളിക്കു ഡി. ലിറ്റ് ബിരുദം സമ്മാനിച്ചു.
(മലങ്കരസഭാ മാസികയില്‍ എഴുതിയത്)

Thursday, 6 July 2023

ചരിത്രാന്വേഷകരിലെ അപൂർവ്വതാരകം – സാമുവേൽ ചന്ദനപ്പള്ളി സർ | അജോയ് ജേക്കബ് ജോർജ്

  


1987 – 88. കാതോലിക്കേറ്റ് കോളേജിലെ രണ്ടാം വർഷ ബിരുദപഠനകാലഘട്ടത്തിലെ ഒരു ദിവസം. ഡിപ്പാർട്ട്മെന്റ് കടന്നു പോകുമ്പോൾ ഒരു വിളി. ‘ഒന്നു നിൽക്കണേ, ഒരു പേപ്പർ കൂടി തന്നു വിടാമേ’. കെമിസ്ട്രി ഡിപ്പാർട്മെന്റിലെ ഈയുള്ളവന് ഇവിടെനിന്ന് എന്ത് എന്ന് ചിന്തിച്ച് തിരിഞ്ഞുനോക്കിയപ്പോൾ ചന്ദനപ്പള്ളി സാറാണ്. മറ്റു കോളേജുകളോ സന്നദ്ധസംഘടനകളോ സംഘടിപ്പിക്കുന്ന പരിപാടികളുടെ നോട്ടീസ് കെമിസ്ട്രി ഡിപ്പാർട്മെന്റിന് മുകളിലത്തെ നിലയിലുള്ള പ്രിൻസിപ്പലിന്റെ ഓഫീസിൽ കൊടുക്കുവാനും ആവശ്യമെങ്കിൽ അവ ഉപയോഗിക്കുവാൻ പറയുവാനുമായിട്ടായിരുന്നു സാറിന്റെ ആ വിളി. പിന്നെ പിന്നെ അത് പോലെയുള്ളവ ആഴ്ചയിൽ ഒന്നെങ്കിലും എന്ന കണക്കിൽ സ്ഥിരമായി ഏറ്റുവാങ്ങുന്ന ചുമതല എന്റേതായി. മലങ്കരസഭാംഗങ്ങളിൽ ചരിത്രവഴികൾ തേടിയും താണ്ടിയും ശബ്ദഘോഷമില്ലാതെ നേട്ടങ്ങൾ സ്വന്തമാക്കിയ ആ വലിയ മനുഷ്യനെ തങ്ങളുടെ ഒപ്പം അതേ കോളേജിലെ അദ്ധ്യാപകൻ എന്നറിയാതെയിരുന്ന ഏകദേശം 3 വർഷങ്ങൾ! അദ്ദേഹത്തെ പരിചയപ്പെടുവാനും കൂടുതൽ അറിയുവാനും ഉള്ള അവസരമായിരുന്നു ആ വിളിയിലൂടെ സാധ്യമായത് എന്നും അന്ന് മനസ്സിലായിരുന്നില്ല. ആഴ്ചകൾ കടന്നുപോകുംതോറും സാറിന്റെ കൈകളിൽ നിന്ന് കടലാസുകൾ വാങ്ങുകയും കൈമാറുകയും ചെയ്യുന്ന ജോലി ഞാനും ഇടയ്ക്കിടെ അവ ഉപയോഗിക്കുന്ന ചര്യ ഞാനും സുഹൃത്തും തുടർന്നുകൊണ്ടിരുന്നു. ആ പ്രക്രിയകൾക്കിടെ ഇടയ്ക്കെപ്പോഴോ സാറിന്റെ സഭാചരിത്ര-ക്‌ളാസ്സുകൾ, പുസ്തകങ്ങൾ എന്നിവ സംബന്ധിച്ചും കേൾക്കാനിടയായി. അന്ന് കിട്ടിയതും അന്ന് വിവരമില്ലായ്മ കാരണം നേടാതെ പോയതും ആയ നുറുങ്ങുകൾ എത്ര വിലയേറിയതായിരുന്നു എന്ന് ഇന്ന് അല്പമൊക്കെ മനസ്സിലാകുന്നു. C. D. സാമുവേൽ എന്ന, ചന്ദനപ്പള്ളി സാർ പിന്നെ പല അവസരങ്ങളിലും എനിക്കും എന്റെ സുഹൃത്തായ പറക്കോട്ടുകാരൻ തോമസ് മാത്യുവിനും അനുഗ്രഹാശിസ്സുകളുമായി അത്തരം അറിയിപ്പുകടലാസുകൾ തരികയും ഞങ്ങൾക്ക് ക്വിസ് മൽസരങ്ങളിൽ നേട്ടങ്ങൾ കൈവരിക്കുകയും ചെയ്യുവാൻ കഴിഞ്ഞത് ഇന്നലെയെന്നോണം ഓർമ്മിക്കുന്നു. എന്നാൽ വിജയത്തിലും നേട്ടമില്ലായ്മയിലും സാറിന്റെ മുഖത്ത് വിരിയുന്ന സ്ഥായിയായ ഒരു പുഞ്ചിരിയുണ്ട് ; ആ പുഞ്ചിരി പ്രദാനം ചെയ്യുന്ന പ്രോൽസാഹനം, പ്രചോദനം, ആത്മവിശ്വാസം എന്നിവയ്ക്ക് അതിഹൃദ്യമായ മാധുര്യമായിരുന്നു എന്നത് ഓർമ്മ വരുന്നു.

ചന്ദനപ്പള്ളിയെന്ന, പരിശുദ്ധ ഗീവർഗീസ് സഹദായുടെ ദിവ്യപരിമളം പരിലസിക്കുന്ന നാടിന്റെ മകനായ സാമുവേൽ ചന്ദനപ്പള്ളി സാർ, മലങ്കര ഓർത്തോഡോക്സ് സഭയുടെ പൈതൃക-ചരിത്ര-അനുഷ്ഠാനങ്ങളിലൊക്കെ അവധാനത കാംക്ഷിച്ചിരുന്ന നിശ്ശബ്ദ-അഭ്യുദയകാംക്ഷിയും സഭാസ്നേഹിയും ആയിരുന്നു. അത് അദ്ദേഹത്തിന്റെ ഓരോ ചുവടുകളിലും ഓരോ കൃതികളിലും വാക്കുകളിലും വ്യക്തമായും ശക്തമായും പ്രതിഫലിച്ചിരുന്നു. ‘കരുണയുടെ പാണികൾ’, ‘ദൈവതേജസ്സിന്റെ മന്ദഹാസം’, പ. പരുമല തിരുമേനിയുടെ രചനകളും കൽപനകളും ക്രോഡീകരിച്ച ‘പവിത്രരചനകൾ’, സ്വന്തനാടിനുള്ള സമർപ്പണം ആയ ‘ചന്ദനവും പള്ളിയും’, സഭയുടെ പിതാക്കന്മാർക്കുള്ള ശ്രദ്ധേയമായ സ്മരണാഞ്ജലിയായ ‘മലങ്കരസഭാപിതാക്കന്മാർ’ ‘മഹാകവി കെ. വി. സൈമൺ’, ‘വിശുദ്ധ ഗീവർഗീസ് സഹദായും ചന്ദനപ്പള്ളി വലിയപ്പള്ളിയും’, ‘വേദതീർത്ഥം’, പ. ഗീവർഗീസ് ദ്വിതീയൻ ബാവാ, പ. വട്ടശ്ശേരിൽ തിരുമേനി, അലക്സിയോസ് മാർ തെവോദോസിയോസ് എന്നിവരെ കുറിച്ചുള്ള പഠനങ്ങൾ, ‘എങ്ങനെ പ്രസംഗിക്കണം’, പത്രോസ് മാർ ഒസ്താത്തിയോസ് തിരുമേനിയെ കുറിച്ചുള്ള ‘സ്നേഹയാത്രികന്റെ ആത്മരേഖ’, ‘മാർ ബഹനാൻ സഹദാ’, മൈലപ്ര റമ്പാച്ചനെ കുറിച്ചുള്ള ‘മധുരഭാഷണം’, ‘കായംകുളം ഫിലിപ്പോസ് റമ്പാൻ, പ്രഥമ ബൈബിൾ വിവർത്തകൻ’, പരുമല തിരുമേനിയുടെ ‘വചനസുധ’, സഭാകവി സി. പി. ചാണ്ടി സാറിന്റെ ചെറുകവിതകൾ ഉൾപ്പെടുത്തി ക്രോഡീകരിച്ച ‘കുറുമൊഴികൾ’ എന്നീ കൃതികൾ അദ്ദേഹത്തിന്റെ രചനാപാടവത്തിന്റെയും സഭയെ സംബന്ധിച്ച ദർശനത്തിന്റെയും മുൻപ് പരാമർശിച്ച നിലപാടുകളുടെയും ഉജ്ജ്വലഉദാഹരണങ്ങളാണ്.
മലങ്കരസഭയെന്ന വ്യാപ്തിയുള്ള പാരാവാരം വൈവിധ്യം നിറഞ്ഞ ചെറുതും വലുതുമായ മൽസ്യങ്ങളുടെയും ഇന്നുവരെയും പൂർണ്ണമായി അളവ് നിർണ്ണയിച്ചിട്ടില്ലാത്ത ജൈവസമ്പത്തിന്റെയും കലവറയാണ്. പ. സഭയുടെ ശക്തിയും നാഡീബലവും സഭയുടെ വിശ്വാസപരവും ഭരണപരവുമായ കെട്ടുറപ്പിനെ അർത്ഥവത്തായി ഉപയോഗിക്കുവാൻ ദൈവനിയോഗം ലഭിച്ചവരായ ‘കുഞ്ഞാടുകളും ആടുകളും ആടുകളും’, അവരെ നയിക്കുന്ന ഇടയന്മാരുമാണ്. അഭിഷിക്തരും വിശ്വാസപരിശീലനകർത്താക്കളും ഭരണതലത്തിലെ ചുമതലാനിർവാഹകരും അനുബന്ധ-പ്രവർത്തകരും ഉൾപ്പെടുന്നതായ വൈരുദ്ധ്യശൈലികൾക്കിടെ സഭയുടെ ഭാവിയ്ക്കായി നിശ്ശബ്ദമായി, നിസ്വാർത്ഥമായി, നിത്യചര്യയായി സഭയ്ക്കായി അദ്ധ്വാനിച്ചിരുന്ന ഒരപൂർവ്വവ്യക്തിത്വം ആയിരുന്നു ചന്ദനപ്പള്ളി സാർ. മലയാളം ഐശ്ചികഭാഷയായി എടുത്ത് ബിരുദാനന്തരബിരുദധാരിയായത് കൊണ്ട് മാത്രമല്ല സാറിന്റെ മനസ്സ് മേല്പ്പറഞ്ഞ സൃഷ്ടികളുടെ ഗർഭഗൃഹമായത് എന്നതാണ് സാറിനെ അല്പമായി അടുത്തറിഞ്ഞ എന്റെ വിശകലനം. തന്റെ മാതൃസഭയോടുള്ള അദമ്യമായ പ്രതിബദ്ധതയും സ്വയംസമർപ്പണസന്നദ്ധതയുമാണ് സഭയ്ക്കായി അസാധാരണമായത് ചെയ്യാനും നേടുവാനും അദ്ദേഹത്തെ പ്രാപ്തനാക്കിയത്. സഭയുടേതായ വിവിധ ചുമതലകൾ നിർവഹിക്കുവാൻ അവസരം ലഭിച്ച വേളയിൽ തന്നെ തന്റെ നൈസർഗ്ഗികമായ സാഹിത്യവാസനയെ കൈവിടാതെയും നിർവീര്യമാകാതെ സൂക്ഷിച്ചും അവയെ പരി. സഭയ്ക്കായി പരിപോഷിപ്പിച്ച് സ്വമേധാദാനം ചെയ്ത സഭയുടെ വൽസല പുത്രൻ ആയിരുന്നു സാമുവേൽ ചന്ദനപ്പള്ളി. അതിനാൽ തന്നെ രണ്ട് ചുമതലകൾ തമ്മിൽ വേർപിരിയാനോ ഏറ്റുമുട്ടി അവയിൽ അല്പവും നഷ്ടപ്പെടാതെയിരിക്കുവാനും ശ്രമിച്ച് വിജയിച്ച വ്യക്തിയുമായിരുന്നു സാർ. കൂടാതെ, സഭയിൽ നിന്ന് ലഭിച്ചതായ ചെറിയ മുത്തുകൾ പെറുക്കിക്കൂട്ടി അവയെ മൂല്യമുള്ളവയാക്കി മാറ്റി, അവയെ അവയുടെ വിലയ്ക്ക് ഒരു കുറവും വരാത്തവണ്ണം പൂർണ്ണമനസ്സോടെ താല്പര്യമുള്ള ഏവർക്കും പരമാവധി കൊടുക്കയും ചെയ്യാൻ മഹാമനസ്കനുമായിരുന്നു സാർ. ഒപ്പം, കൊടുക്കും തോറും ഏറിടുന്ന ദൈവത്തിന്റെ സമ്പത്ത് ദിവസംപ്രതി വിതയ്ക്കുകയും സ്വയമായും ശിഷ്യരിലൂടെയും സ്വർണ്ണം വിളയിക്കുകയും ചെയ്ത ശ്രേഷ്ഠനായ അദ്ധ്യാപകനും ആയിരുന്നു. ഡോ. സിബി തരകൻ, പോൾ മണലിൽ, അടുത്തയിടെ ദിവംഗതനായ തോമസ് നീലാർമഠം എന്നിവരൊക്കെ അത്തരത്തിൽ സാറിന്റെ മാർഗ്ഗനിർദ്ദേശം സ്വീകരിച്ച് തങ്ങളുടെ മേഖലകളിൽ പ്രാവീണ്യം തെളിയിച്ചവരാണ്. താൻ കടന്നുപോയ നാഴികക്കല്ലുകളെക്കാളും അവരുടെ നേട്ടങ്ങളിലും വിജയങ്ങളിലും സ്വർഗ്ഗരാജ്യത്തിൽ ഇരുന്ന് സന്തോഷിക്കുകയായിരിക്കാം ചന്ദനപ്പള്ളി സാർ എന്നതിൽ സംശയം വേണ്ട.

ചന്ദനപ്പള്ളിക്കാരനായത് കൊണ്ട് മാത്രം മലയാളിസമൂഹത്തിനും സ്വദേശത്തിനും അദ്ദേഹം ലഭ്യമാക്കിയ അറിവാണ് സംഘകാലകവികളെപ്പറ്റിയും ‘ആശ്ചര്യചൂഡാമണി’യുടെ കർത്താവും ചെന്നീർക്കര സ്വരൂപത്തിന്റെ അധിപനുമായിരുന്ന ശക്തിഭദ്രനെ പറ്റിയുമുള്ള വിവരങ്ങൾ. വല്യമ്മച്ചി മടിയിൽ കിടത്തി പറഞ്ഞുകൊടുത്ത ക്രൈസ്തവ നാടോടി ഗാനങ്ങളും ബൈബിൾ കഥകളും പുണ്യാളന്മാരുടെ ചരിത്രവും, അപ്പൻ നടത്തിയിരുന്ന മാർഗ്ഗം കളി ട്രൂപ്പിന്റെ ആത്മാവിനെ ഉൾക്കൊണ്ടതും ചെറുപ്പകാലത്ത് തന്നെ അദ്ദേഹത്തിൽ സാഹിത്യഭാവനയുടെ ചിറകുകൾ വിടർത്തി. പിന്നീട് പ്രീ യൂണിവേർസിറ്റി കാലത്തും ലൈബ്രറിയെ ഉപയോഗപ്പെടുത്തിയ വായനാശീലവും മൂലം ഒരിക്കൽ നടത്തിയ പ്രസംഗം ശ്രദ്ധിച്ച, പിന്നീട് തന്റെ ഗുരുഭൂതനായി അദ്ദേഹം ഗണിച്ച മഹാകവി പുത്തൻകാവ് മാത്തൻ തരകൻ അദ്ദേഹത്തെ മലയാളം ബി. എ.-യ്ക്ക് ചേരണമെന്ന് നിർദ്ദേശിച്ചതും ജീവിതത്തിലെ വഴിത്തിരിവുകളായി. കോളേജ് തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികൾക്കായി പ്രസംഗിക്കുന്നത് പതിവാക്കിയതും മാഗസിൻ എഡിറ്റർ, പിന്നാലെ യൂണിയൻ ചെയർമാൻ എന്നീ പദവികൾ വഹിച്ചതും തൊട്ടടുത്ത വർഷം അതേ കോളേജിൽ അദ്ധ്യാപകനായതും ഒരു പക്ഷേ സാമുവേൽ ചന്ദനപ്പള്ളിയ്ക്ക് മാത്രം സ്വന്തമായ റെക്കോർഡ് ആകാം. സമാനമായി തിരുവനന്തപുരം മാർ ഈവാനിയോസ് കോളേജിൽ എം. എ. ഇംഗ്ലീഷ് വിദ്യാർത്ഥിയായും അദ്ധ്യാപകനായി നിയമനം ലഭിച്ച ശേഷവും ക്വിസ് ടീം അംഗമായി കോളേജിനെ പ്രതിനിധാനം ചെയ്ത പ്രൊഫ. എബ്രഹാം ജോസഫ് സ്ഥാപിച്ച റെകോർഡ് ചന്ദനപ്പള്ളി സാറിന് എത്രയോ വർഷങ്ങൾക്ക് ശേഷമാണ്. ചുരുക്കത്തിൽ മനസ്സ് കൊണ്ട് ആജീവനാന്തം വിദ്യാർത്ഥിയും അദ്ധ്യാപകനും ആയിരുന്ന സാറിന്റെ വ്യക്തിത്വം ആയിരുന്നു പരി. സഭയുടെ വിവിധോദ്ദേശ്യ-ഏകാംഗ-സൈന്യമായി പ്രവർത്തിക്കുവാൻ ശക്തമായ അടിത്തറയായത് എന്നുറപ്പിച്ച് പറയാം. പഠനം മുഖ്യ ഉദ്ദേശ്യലക്ഷ്യമായ ആത്മീയപ്രസ്ഥാനങ്ങളിൽ പോലും പഠനതാല്പര്യമുള്ളവരുടെ എണ്ണം കുറഞ്ഞു വരുന്ന വർത്തമാനകാലത്ത് സാമുവേൽ ചന്ദനപ്പള്ളി സാർ പോലെയുള്ള വ്യക്തിത്വങ്ങൾ, സാറിന്റേത് പോലെയുള്ള സമീപന-ശൈലികൾ വർഷങ്ങൾക്ക് മുൻപ് നേടിയത് എത്രയോ പേർക്ക് ഇന്ന് മാതൃകയും ഉദാഹരണവും ആയി പ്രചോദനം പകരേണ്ടതാണ്!

മുൻപത്തെ പ്രസിദ്ധീകരണഅനുഭവത്തെ – പവിത്രരചനകൾ – ഒരു സൌജന്യ വില്പനയോ വിതരണമോ ആക്കി മാറ്റിയതിന് ശിഷ്യരും അഭ്യുദയകാംക്ഷികളും സാറിനെ സ്നേഹബുദ്ധ്യാ ശാസിക്കയും വിമർശിക്കയും ചെയ്തുവെങ്കിലും പിന്നാലെ ഭാവി തലമുറയ്ക്കായി പിതാക്കന്മാരുടെ ദർശനം മനസ്സിലാക്കാനുതകുന്ന ഒരു റഫറൻസ് ഭാവി തലമുറയ്ക്കായി പിതാക്കന്മാരുടെ ദർശനം മനസ്സിലാക്കാവുന്ന ഒരു റഫറൻസ് ഗ്രന്ഥം ആകാവുന്ന ‘മലങ്കരസഭാപിതാക്കന്മാർ’ എന്ന ബൃഹദ്-ഗ്രന്ഥം പ്രസിദ്ധപ്പെടുത്തിയപ്പോളും അർഹിക്കുന്ന അംഗീകാരമോ സാമ്പത്തികമോ സാറിന് ലഭിച്ചില്ല. വ്യക്തിപരമായി അതിൽ യാതൊരു മനസ്താപവും കാണാത്ത ഏക വ്യക്തി സാർ ആയിരുന്നു എന്ന് പറഞ്ഞാൽ അത് അതിശയോക്തിയല്ലാത്തതിന് കാരണം അദ്ദേഹം പുസ്തകം എഴുതിയത് ലാഭത്തിനായിരുന്നില്ല മറിച്ച് സംസ്കാരവും പാരമ്പര്യവും പൈതൃകവും സംരക്ഷിക്കുവാനായിരുന്നു എന്നതാണ്. ഇക്കാര്യത്തിൽ പ. സഭയുടെ വൈമുഖ്യം, ഉപേക്ഷ എന്നിവ കണ്ട് അദ്ദേഹം ദുഖിതനായിരുന്നു എന്നും സഭയുടെ ഭാവിയ്ക്കായും തലമുറയ്ക്കായും അതെത്രയോ ആവശ്യം എന്നത് അദ്ദേഹം വിവിധ സ്ഥലങ്ങളിൽ നടത്തിയ പ്രസംഗപരമ്പരകളിൽ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. 2000 ജൂലൈ 3-ആം തീയതി വി. മാർത്തോമ്മയുടെ സ്മരണ നിലനിൽക്കുന്ന ദിനത്തിൽ അപ്രതീക്ഷിതമെന്നോണം അകാലത്തിൽ അദ്ദേഹം വിട പറയുമ്പോൾ പതിറ്റാണ്ടുകൾ തുടരേണ്ട ഒരു മഹാദൌത്യമാണ് അടയ്ക്കപ്പെട്ട് പോയത്. ‘ഡോ. പൌലോസ് മാർ ഗ്രീഗോറിയോസ്, ഗീവർഗീസ് മാർ ഒസ്താത്തിയോസ്, ഫാ. ഡോ. വി. സി. സാമുവേൽ’ എന്നിവരെ കുറിച്ചുള്ള പഠനങ്ങൾ അദ്ദേഹം ബാക്കി വച്ച ലക്ഷ്യങ്ങളായിരുന്നു. എങ്കിലും പഠനസംബന്ധിയായ വിഷയങ്ങളിൽ സവിശേഷവും സമാനതകളില്ലാത്തതുമായ പങ്ക് വഹിച്ചിരുന്ന അദ്ദേഹത്തിന്റെ വിയോഗം ഒരു താൽക്കാലികവിടവ് ഉണ്ടാക്കിയിരിക്കാം എങ്കിലും അദ്ദേഹത്തെയും അദ്ദേഹത്തിൽ നിന്നും പഠിച്ചവരും പഠിക്കുന്നവരും ആയവർ അദ്ദേഹത്തിന്റെ അഭാവം നികത്തും എന്ന് പ്രത്യാശിക്കാം. അത് ഒരു വെറും പ്രതീക്ഷയല്ല, എന്നാൽ സഭയുടെയും സമൂഹത്തിന്റെയും വളർച്ചയ്ക്കും കാലത്തിനനുസരിച്ചുള്ള പ്രയാണത്തിനും അത്യന്താപേക്ഷിതമായ ഒരു ദൌത്യമാണ് എന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. അതിനായി പുതുതലമുറയെ സജ്ജരാക്കാം, പ്രചോദിപ്പിക്കാം, അതായിരിക്കും ആ നിസ്വാർത്ഥ-സഭാസനേഹിയ്ക്ക് നൽകാവുന്ന ഏറ്റവും മികച്ച ഉപഹാരം.

Monday, 3 July 2023

ഡോ. സാമുവല്‍ ചന്ദനപ്പള്ളി

 


പത്തനംതിട്ട ജില്ലയിലെ ചന്ദനപ്പള്ളി ചരിവുകാലായില്‍ ഗീവറുഗീസ് ദാനിയേലിന്‍റെയും കുഞ്ഞമ്മയുടെയും മകനായി 1940 മെയ് 13-നു ജനിച്ചു. മലയാളത്തില്‍ എം.എ. ബിരുദം നേടി. കേരളാ യൂണിവേഴ്സിറ്റിയില്‍ നിന്നു പി.എച്ച്.ഡി. കരസ്ഥമാക്കി. 1962 മുതല്‍ 1993 വരെ കാതോലിക്കേറ്റ് കോളജില്‍ അദ്ധ്യാപകനും കാതോലിക്കേറ്റ് കോളേജ് മലയാളം റിസേര്‍ച്ച് സെന്‍റര്‍ ഡയറക്ടറുമായിരുന്നു.

ഡോ. ചന്ദനപ്പള്ളിയുടെ ഗ്രന്ഥങ്ങള്‍ വിവിധ യൂണിവേഴ്സിറ്റികളില്‍ പാഠപുസ്തകമായി ഉപയോഗിച്ചുവരുന്നു. മിഷണറിമലയാളത്തിന്‍റെ പഠനത്തിനും ഗവേഷണത്തിനും ആദ്യമായി ഇറങ്ങിത്തിരിച്ച ഗവേഷകനാണ്. മികച്ച ഗവേഷകനുള്ള യു.ജി.സി. അവാര്‍ഡ് (1969), മികച്ച അദ്ധ്യാപകനുള്ള ഫാ. മത്ത്യാസ് അഖിലേന്ത്യാ അവാര്‍ഡ് (1989) എന്നിവ ലഭിച്ചിട്ടുണ്ട്. മലങ്കര സഭയിലെ ആത്മീയ പിതാക്കന്മാരുടെ രചനകള്‍ സമാഹരിച്ച് ആമുഖ പഠനത്തോടെ പ്രസിദ്ധീകരിച്ച 'മലങ്കര സഭാപിതാക്കന്മാര്‍' എന്ന ബ്രഹദ് ഗ്രന്ഥം നാല് അവാര്‍ഡുകള്‍ കരസ്ഥമാക്കി. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി പി.ജി. ബോര്‍ഡ് ഓഫ് സ്റ്റഡീസ്, ഡോക്ടറല്‍ കമ്മറ്റി എന്നിവയില്‍ അംഗം, വൈ.എം.സി.എ. സൗത്ത് വെസ്റ്റ് ഇന്ത്യാ റീജിയന്‍ സാഹിത്യവിഭാഗം ചെയര്‍മാന്‍, മലയാളം ബൈബിള്‍ പരിഭാഷാ സമിതിയംഗം, മലങ്കര ഓര്‍ത്തഡോക്സ് ആര്‍ക്കൈവ്സ് അഡ്വൈസറി ബോര്‍ഡ് അംഗം, ഉള്ളൂര്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി ഫാക്കല്‍റ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 1993-ല്‍ യു.ജി.സി. യുടെ സീനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പിന് അര്‍ഹനായി. ഇരുപതില്‍പരം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. 2000 ജൂലൈ 3-ന് അന്തരിച്ചു.

സ്നേഹസമ്പന്നനായ ഗുരുനാഥന്‍ | ഡോ. വര്‍ഗീസ് പേരയില്‍

ഡോ. സാമുവൽ ചന്ദനപ്പള്ളി സർ.

എന്നെ ക്ലാസിൽ ഇരൂത്തി പഠിപ്പിക്കാത്ത വന്ദ്യ ഗുരുനാഥൻ. പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ ഞാൻ പഠിക്കുമ്പോൾ അദ്ദേഹം അധ്യാപകനായിരുന്നു എങ്കിലും എന്റെ സെക്കൻഡ് ലാംഗ്വേജ് ഹിന്ദി ആയിരുന്നു. താൻ അകമഴിഞ്ഞ സ്നേഹിച്ച സഭയും വിശ്വസിച്ച രാഷ്ട്രീയ പ്രസ്ഥാനവും വേണ്ടത്ര പരിഗണന നൽകിയിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളിലും പരിചയ മേഖലകളിലും ഇന്നും ജ്വലിക്കുന്ന ഓർമ്മ നിറഞ്ഞുനിൽക്കുന്നു. മഹാകവി പുത്തൻകാവ് മാത്തൻ തരകൻ സാർ ഒരിക്കൽ അടൂർ കണ്ണങ്കോട് പള്ളിയിൽ പ്രസംഗിക്കാൻ വന്നപ്പോൾ കൂടെ വന്ന ചന്ദനപ്പള്ളി സാറിനെ സൺഡേസ്കൂൾ വിദ്യാർത്ഥി ആയിരുന്ന ഞാൻ ആദ്യമായി അടുത്ത് കാണുന്നത് അന്നാണ്.

1982 ൽ ശ്രീ അടൂർ ഗോപാലകൃഷ്ണന് അടൂർ പൗരാവലി സ്വീകരണം നൽകിയപ്പോൾ മുഖ്യ പ്രഭാഷണം നടത്തിയത് ചന്ദനപ്പള്ളി സാറാണ്. അദ്ദേഹത്തെ വീട്ടിൽ പോയി ക്ഷണിച്ചത് ഞാനാണ്. അടൂർ കണ്ണങ്കോട് പള്ളിയിൽ അന്ത്യ വിശ്രമം കൊള്ളുന്ന, ബൈബിൾ മലയാളത്തിലേക്ക് ആദ്യമായി തർജ്ജമ ചെയ്ത കായംകുളം ഫിലിപ്പോസ് റമ്പാച്ചനെ കുറിച്ച് പുസ്തകം എഴുതണമെന്ന് ഞങ്ങളെ പ്രേരിപ്പിച്ചതും അത് പുറത്തിറക്കിയതും ചന്ദനപ്പള്ളി സാറാണ്. പഠന സാമഗ്രികളിൽ ഉള്ള ലഭ്യത കുറവ് മൂലം ഗവേഷണ പഠനം ഇടയ്ക്ക് വച്ച് നിർത്തുവാൻ തുടങ്ങിയ എന്നെ ചന്ദനപ്പള്ളിയിലെ വീട്ടിൽ കൊണ്ടുപോയി ഇരുത്തി വേണ്ട മാർഗനിർദേശങ്ങൾ തന്ന് ഗവേഷണം ആരംഭിക്കുവാൻ പ്രേരണ തന്ന മഹത് ഗുരു. ഞാൻ 11 പുസ്തകങ്ങൾ പുറത്തിറക്കിയപ്പോഴും ചന്ദനപ്പള്ളി സാറിന്റെ കല്ലറയ്ക്കൽ പോയി മെഴുകുതിരി കത്തിച്ച് അനുഗ്രഹം വാങ്ങിയിട്ടുണ്ട്. സാറിന്റെ പ്രസംഗങ്ങളിൽ നിന്നും മോഷ്ടിച്ച രണ്ടു വരികൾ ഇവിടെ കുറിക്കട്ടെ.

ഹൃദയത്തിന്റെ അന്തരാത്മാവിൽ നിന്നും ബഹിർഗമിക്കുന്ന സ്നേഹത്തിന്റെ നിർഭരതുള്ളികളും പേറി ഇവിടെ ഇരിക്കുന്ന സഹോദരങ്ങളേ,

എന്റെ ഉള്ളിന്റെ ഉള്ളിൽ ഉറഞ്ഞുകൂടിയ ചില ശിഥില ചിന്തകൾ നിങ്ങളുടെ പരിചിന്തനത്തിന് വിഷയിഭവിപ്പിക്കുവാൻ ആഗ്രഹിക്കുന്നു. നിങ്ങളിൽ അത് ഉപരിചിന്തനത്തിന് കളമൊരുക്കിയാൽ ഞാൻ കൃതാർത്ഥനായി.

ലളിതവും ധന്യവും മാതൃകാപരവുമായ ജീവിതം നയിച്ച ആ സ്നേഹ സമ്പന്നനായ ഗുരുനാഥന്റെ മുമ്പിൽ ഒരിക്കൽ കൂടി പ്രണാമം.

Friday, 10 June 2016

Dr. Samuel Chandanappally

(13 May 1940 – 3 July 2000), who was born C.D. Samuel, was an Indian writer, college professor and orator.

In his lifetime, he wrote around 30 books in Malayalam. His book titled Malankara Sabha Pithakkanmar, contains the study about the writings of the holy fathers of the Malankara Orthodox Syrian Church community and is considered a reference text.
Dr. Samuel Chandanappally collected most of the writings of Saint Gregorios of Parumala after a long period of research and published them with the title Holy writings (Pavithra Rachanakal) in 1980.

External links[edit]


From Wikipedia, the free encyclopedia

Speech by Dr. Samuel Chandanapally at OTS 175th Jubilee Seminar