ഡോ. സാമുവല്‍ ചന്ദനപ്പള്ളി അന്തരിച്ചിട്ട് കാല്‍ നൂറ്റാണ്ട്
ഡോ. സാമുവല്‍ ചന്ദനപ്പള്ളിയുടെ ഒരു പുസ്തകത്തിന്റെ ശീര്‍ഷകമാണ് 'ചന്ദനവും പള്ളിയും'. 1991-ല്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തില്‍ പ്രൊഫ. സി.എല്‍ ആന്റണി, ഡോ. വി.കെ. നാരായണപിള്ള ഡോ. കെ.എന്‍. എഴുത്തച്ചന്‍, ജെ. മാത്യൂസ്, കെ.വി. സൈമണ്‍, കായം കുളം ഫിലിപ്പോസ് റമ്പാന്‍ എന്നിവരെപ്പറ്റിയുള്ള കുറിപ്പുകളും മൂന്നു ലേഖനങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു. ലേഖനങ്ങളില്‍ ഒരെണ്ണത്തിന്റെ തലക്കെട്ടാണ് പുസ്തകത്തിനു നല്‍കിയിരിക്കുന്ന ശീര്‍ഷകം 'ചന്ദനവും പള്ളിയും'. ഡോ. സാമുവല്‍ ചന്ദനപ്പള്ളിയുടെ അക്ഷരസപര്യയ്ക്കു 2000 ജൂലൈ മൂന്നിനു അന്ത്യം കുറിച്ചെങ്കിലും അദ്ദേഹത്തിന്റെ സാഹിത്യജീവിതത്തിന്റെ സൗരഭ്യം പൂത്തുലഞ്ഞു നില്ക്കുന്ന ഒരു കുറിപ്പാണ് 'ചന്ദനവും
പള്ളിയും'. ഈ ലേഖനത്തിന്റെ ഹൃദയം ചന്ദനപ്പള്ളി ദേവാലയമാണ്. പള്ളിയുടെ പ്രധാന ഉത്തരം പൂര്‍വ്വികര്‍ നിര്‍മ്മിച്ചതു ചന്ദനത്തടി കൊണ്ടാണെന്നും ഈ പ്രദേശത്തു ധാരാളം ചന്ദനവൃക്ഷങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഈ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഡോ. ചന്ദനപ്പള്ളിയുടെ വാക്കുകള്‍ ഉദ്ധരിക്കാം. ''ചന്ദനം തേച്ചാല്‍ നിറം വരുത്തും. ചന്ദനം ചാരിയാല്‍ ചന്ദനം മണക്കും. ചന്ദനത്തടി ഉരഞ്ഞ് ഉരഞ്ഞ് സ്വജീവിതം ത്യജിക്കുന്നു. ഉരയ്ക്കുന്ന കല്ലിനും കുളിര്‍മ്മ നല്‍കുന്നു. സ്വജീവിതം അന്യര്‍ക്കു നല്‍കുന്നതില്‍ ആത്മനിര്‍വൃതിയടയുന്ന ദേവവൃക്ഷം. മനുഷ്യര്‍ക്കു അനുകരണീയമായ മാതൃക. സുഗന്ധം
പ്രദാനം ചെയ്യുന്ന ചന്ദനമുട്ടികളായി മനുഷ്യര്‍ രൂപാന്തരപ്പെടണം''.
ഡോ. സാമുവല്‍ ചന്ദനപ്പള്ളിയുടെ എഴുത്തിന്റെ തത്ത്വശാസ്ത്രവും ഇതു തന്നെയായിരുന്നു. സഭയ്ക്കും സമൂഹത്തിനും സുഗന്ധം പ്രദാനം ചെയ്ത ഒരു ചന്ദനമുട്ടിയായിയുന്നു കാല്‍നൂറ്റാണ്ട് മുമ്പ് നമ്മെ വിട്ടുപിരിഞ്ഞ ചന്ദനപ്പള്ളി ചരിവുകാലായില്‍ സി.ഡി. സാമുവല്‍ എന്ന ഡോ. സാമുവല്‍ ചന്ദനപ്പള്ളി. ആധ്യാത്മിക അനുഭൂതിയുടെ അമരവാണികള്‍ ഉരുവിടുന്ന ദേവാലയങ്ങളുടെ നാട്ടില്‍ ജനിച്ച ഈ പ്രതിഭ തന്റെ ജീവിതത്തില്‍ ചന്ദനത്തെയും പള്ളിയും സമന്വയിപ്പിച്ചുകൊണ്ട് തന്റെ ഹൃദയത്തില്‍ അതിനു പള്ളികൊള്ളാന്‍ ജാലകം തുറന്നുവച്ച അക്ഷരസ്‌നേഹിയും അക്ഷരപാലകനും അക്ഷരജ്ഞാനിയുമായിരുന്നു. ഡോ. സാമുവല്‍ ചന്ദനപ്പള്ളിയുടെ അക്ഷരജീവിതം മുഖ്യമായും മിഷനറി മലയാള സാഹിത്യ പഠനവും മലങ്കരസഭാ പിതൃവിജ്ഞാനീയപഠനവും മുന്‍നിര്‍ത്തിയുള്ളതായിരുന്നു. മിഷനറി മലയാളത്തിന്റെ നെല്ലും പതിരും വേര്‍തിരിച്ചുകൊണ്ട് മിഷനറിമാര്‍ മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നല്‍കിയ സംഭാവനകള്‍ ഡോ. ചന്ദനപ്പള്ളി അവതരിപ്പിച്ചു. ഉദയംപേരൂര്‍ സുന്നഹദോസിന്റെ കാനോനാകള്‍ മുതല്‍ ക്രൈസ്തവ സംസ്‌ക്കാരത്തിന്റെ വേരുകള്‍ തേടി പുറപ്പെട്ട അദ്ദേഹം പതിനാറാം നൂറ്റാണ്ട് മുതല്‍ പത്തൊമ്പതാം നൂറ്റാണ്ടുവരെയുള്ള മിഷനറിമാരുടെ സാഹിത്യ സാഹചര്യകളെപ്പറ്റി പഠിക്കുകയും 'മിഷനറി മലയാള ഗദ്യമാതൃകകള്‍' പോലെയുള്ള അനര്‍ഘമായ രചനകള്‍ നടത്തുകയും ചെയ്തു.
പ്രേഷിത പ്രവര്‍ത്തനത്തിനു കേരളത്തിലെത്തിയ വിവിധ മിഷനറി സംഘങ്ങളിലെ വൈദികര്‍ നടത്തിയ കൈരളീസപര്യ മലയാള ഭാഷയില്‍ പുതുമുദ്രകള്‍ പതിപ്പിക്കുവാന്‍ ഇടവരുത്തിയതായി 'മിഷനറി മലയാള ഗദ്യമാതൃകകള്‍' എന്ന ഗ്രന്ഥത്തില്‍ സാമുവേല്‍ ചന്ദനപ്പള്ളി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഭാഷയ്ക്കും സാഹിത്യത്തിനും മഹത്തായ നേട്ടം കൈവരിക്കുവാന്‍ കഴിഞ്ഞതുകൊണ്ട് മിഷനറിമാരുടെ സേവനകാലത്തെ പ്രേഷിത പ്രവര്‍ത്തിയുടെ 'മഹത്തായയുഗം' എന്ന് ഡോ. ചന്ദനപ്പള്ളി വിശേഷിപ്പിച്ചിട്ടുണ്ട്. ഇപ്രകാരം മലയാള സാഹി ത്യ ചരിത്രത്തില്‍ മിഷനറിമാരെ അടയാളപ്പെടുത്തിയ എഴുത്തുകാരനാണ് ഡോ. ചന്ദനപ്പള്ളി, സംവേദനം, വേദതീര്‍ത്ഥം, ക്രൈസ്തവസംസ്‌കാരം, ജരാര്‍ദിന്റെ അലങ്കാരശാസ്ത്രം, വര്‍ത്തമാനപുസ്തകത്തിനു ഒരവതാരിക, ഉദയംപേരൂര്‍ സുന്നഹദോസിന്റെ കാനോനാകള്‍, മൊഴിവരകള്‍ തുടങ്ങിയ പുസ്തകങ്ങളില്‍ അതിന്റെ രൂപരേഖകള്‍ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. തുടര്‍ന്ന് അദ്ദേഹത്തിന്റെ പഠന-ഗവേഷണങ്ങള്‍ ഉണ്ടായതു തദ്ദേശീയ മിഷനറിമാരുടെയും എഴുത്തുകാരുടെയും സാഹിത്യസംഭാവനകളെ മുന്‍നിര്‍ത്തിയായിരുന്നു. റവ. ജോര്‍ജ് മാത്തന്റെ ഗദ്യപ്രബന്ധങ്ങള്‍, മഹകവി മാത്തന്‍ തരകന്‍ തുടങ്ങിയ രചനകള്‍ അതിന്റെ ദൃഷ്ടാന്തങ്ങളാണ്. എന്നാല്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയെ സംബന്ധിച്ച് ഡോ. സാമുവല്‍ ചന്ദനപ്പള്ളി നടത്തിയിട്ടുള്ള അന്വേഷണങ്ങളും പഠനങ്ങളും സഭയുടെ സാംസ്‌കാരിക പൈതൃകത്തിനും പി താക്കന്മാരുടെ ജീവിതവും ചിന്തകളും അദ്ദേഹം സമാഹരിച്ചു.
മലങ്കരസഭയിലെ പിതാക്കന്മാരുടെ വേദശാസ്ത്ര ചിന്തകളും ദര്‍ശനങ്ങളും സമാഹരിക്കുന്ന ഒരു ഗ്രന്ഥം ആദ്യമായി പ്രസിദ്ധപ്പെടുത്തിയതു ഡോ. സാമുവല്‍ ചന്ദനപ്പള്ളിയാണ്-അതാണ് 'മലങ്കരസഭാ പിതാക്കന്മാര്‍' എന്ന ഗ്രന്ഥം. നമ്മുടെ പിതാക്കന്മാരുടെ വാക്കിലും വചനത്തിലും അടിഞ്ഞുകിടക്കുന്ന വേദശാസ്ത്രവും ദൈവശാസ്ത്രവും സമാഹരിച്ചുകണ്ട് മലയാളത്തില്‍ ഒരു പിതൃവിജ്ഞാനീയ പഠനശാഖയാണ് 'മലങ്കരസഭാപിതാക്കന്മാര്‍' എന്ന ഗ്രന്ഥത്തിലൂടെ ഡോ. ചന്ദനപ്പള്ളി തുറന്നുവച്ചത്. മലങ്കരസഭയുടെ ചരിത്രവും പാരമ്പര്യവും പഠിക്കുന്നവര്‍ക്കു ഡോ. ചന്ദനപ്പള്ളിയുടെ ഉദ്യമങ്ങള്‍ ഭാവിയില്‍ ഒരു വഴികാട്ടിയായിരിക്കും. പിതൃവിജ്ഞാനീയ പഠനശാലയില്‍ പവിത്രരചനകള്‍, മാര്‍ ബസേലി
യോസ് ഗീവര്‍ഗീസ് ദ്വിതീയന്‍, മാര്‍ തെയോഫിലോസിന്റെ പ്രബന്ധങ്ങള്‍, കായംകുളം ഫീലിപ്പോസ് റമ്പാന്‍ പ്രഥമ ബൈബിള്‍ വിവര്‍ത്തകന്‍, പരിശുദ്ധ വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ്, സ്‌നേഹയാത്രികന്റെ ആത്മകഥ, മൈലപ്ര മാത്യൂസ് റമ്പാന്റെ മധുരഭാഷണം, അലക്‌സിയോസ് മാര്‍ തേവോദോസ്യോസ് എന്നീ കൃതികളും ഡോ. ചന്ദനപ്പള്ളി രചിച്ചു. മലങ്കര സഭാ പിതാക്കന്മാരെപ്പറ്റി നടത്തിയ പഠനങ്ങള്‍ അദ്ദേഹത്തിനു കാതോലിക്കേറ്റ് അവാര്‍ഡ് നേടിക്കൊടുത്തു. റവ. ജോര്‍ജ് മാത്തന്റെ സാഹിത്യസംഭാവനകളെപ്പറ്റിയുള്ള പഠനത്തിനു കേരള യൂണിവേഴ്‌സിറ്റി ഡോ. ചന്ദനപ്പള്ളിക്കു ഡി. ലിറ്റ് ബിരുദം സമ്മാനിച്ചു.
(മലങ്കരസഭാ മാസികയില്‍ എഴുതിയത്)
.jpg)