Monday, 3 July 2023

സ്നേഹസമ്പന്നനായ ഗുരുനാഥന്‍ | ഡോ. വര്‍ഗീസ് പേരയില്‍

ഡോ. സാമുവൽ ചന്ദനപ്പള്ളി സർ.

എന്നെ ക്ലാസിൽ ഇരൂത്തി പഠിപ്പിക്കാത്ത വന്ദ്യ ഗുരുനാഥൻ. പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ ഞാൻ പഠിക്കുമ്പോൾ അദ്ദേഹം അധ്യാപകനായിരുന്നു എങ്കിലും എന്റെ സെക്കൻഡ് ലാംഗ്വേജ് ഹിന്ദി ആയിരുന്നു. താൻ അകമഴിഞ്ഞ സ്നേഹിച്ച സഭയും വിശ്വസിച്ച രാഷ്ട്രീയ പ്രസ്ഥാനവും വേണ്ടത്ര പരിഗണന നൽകിയിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളിലും പരിചയ മേഖലകളിലും ഇന്നും ജ്വലിക്കുന്ന ഓർമ്മ നിറഞ്ഞുനിൽക്കുന്നു. മഹാകവി പുത്തൻകാവ് മാത്തൻ തരകൻ സാർ ഒരിക്കൽ അടൂർ കണ്ണങ്കോട് പള്ളിയിൽ പ്രസംഗിക്കാൻ വന്നപ്പോൾ കൂടെ വന്ന ചന്ദനപ്പള്ളി സാറിനെ സൺഡേസ്കൂൾ വിദ്യാർത്ഥി ആയിരുന്ന ഞാൻ ആദ്യമായി അടുത്ത് കാണുന്നത് അന്നാണ്.

1982 ൽ ശ്രീ അടൂർ ഗോപാലകൃഷ്ണന് അടൂർ പൗരാവലി സ്വീകരണം നൽകിയപ്പോൾ മുഖ്യ പ്രഭാഷണം നടത്തിയത് ചന്ദനപ്പള്ളി സാറാണ്. അദ്ദേഹത്തെ വീട്ടിൽ പോയി ക്ഷണിച്ചത് ഞാനാണ്. അടൂർ കണ്ണങ്കോട് പള്ളിയിൽ അന്ത്യ വിശ്രമം കൊള്ളുന്ന, ബൈബിൾ മലയാളത്തിലേക്ക് ആദ്യമായി തർജ്ജമ ചെയ്ത കായംകുളം ഫിലിപ്പോസ് റമ്പാച്ചനെ കുറിച്ച് പുസ്തകം എഴുതണമെന്ന് ഞങ്ങളെ പ്രേരിപ്പിച്ചതും അത് പുറത്തിറക്കിയതും ചന്ദനപ്പള്ളി സാറാണ്. പഠന സാമഗ്രികളിൽ ഉള്ള ലഭ്യത കുറവ് മൂലം ഗവേഷണ പഠനം ഇടയ്ക്ക് വച്ച് നിർത്തുവാൻ തുടങ്ങിയ എന്നെ ചന്ദനപ്പള്ളിയിലെ വീട്ടിൽ കൊണ്ടുപോയി ഇരുത്തി വേണ്ട മാർഗനിർദേശങ്ങൾ തന്ന് ഗവേഷണം ആരംഭിക്കുവാൻ പ്രേരണ തന്ന മഹത് ഗുരു. ഞാൻ 11 പുസ്തകങ്ങൾ പുറത്തിറക്കിയപ്പോഴും ചന്ദനപ്പള്ളി സാറിന്റെ കല്ലറയ്ക്കൽ പോയി മെഴുകുതിരി കത്തിച്ച് അനുഗ്രഹം വാങ്ങിയിട്ടുണ്ട്. സാറിന്റെ പ്രസംഗങ്ങളിൽ നിന്നും മോഷ്ടിച്ച രണ്ടു വരികൾ ഇവിടെ കുറിക്കട്ടെ.

ഹൃദയത്തിന്റെ അന്തരാത്മാവിൽ നിന്നും ബഹിർഗമിക്കുന്ന സ്നേഹത്തിന്റെ നിർഭരതുള്ളികളും പേറി ഇവിടെ ഇരിക്കുന്ന സഹോദരങ്ങളേ,

എന്റെ ഉള്ളിന്റെ ഉള്ളിൽ ഉറഞ്ഞുകൂടിയ ചില ശിഥില ചിന്തകൾ നിങ്ങളുടെ പരിചിന്തനത്തിന് വിഷയിഭവിപ്പിക്കുവാൻ ആഗ്രഹിക്കുന്നു. നിങ്ങളിൽ അത് ഉപരിചിന്തനത്തിന് കളമൊരുക്കിയാൽ ഞാൻ കൃതാർത്ഥനായി.

ലളിതവും ധന്യവും മാതൃകാപരവുമായ ജീവിതം നയിച്ച ആ സ്നേഹ സമ്പന്നനായ ഗുരുനാഥന്റെ മുമ്പിൽ ഒരിക്കൽ കൂടി പ്രണാമം.