Thursday, 14 August 2025

എഴുത്തിലെ ചന്ദനസുഗന്ധം | ഡോ. പോള്‍ മണലില്‍



ഡോ. സാമുവല്‍ ചന്ദനപ്പള്ളി മണ്‍മറഞ്ഞിട്ട് കാല്‍ നൂറ്റാണ്ട്

സാഹിത്യചരിത്രങ്ങള്‍ എഴുതിയെങ്കിലും സാഹിത്യചരിത്രത്തില്‍ ഇടം കിട്ടാതെ പോയ എഴുത്തുകാരനാണ് ഡോ. സാമുവല്‍ ചന്ദനപ്പള്ളി. മിഷനറി മലയാളത്തിന്‍റെ മഹത്വവും മാഹാത്മ്യവും മലയാളികളെ അറിയിച്ച ഡോ. സാമുവല്‍ ചന്ദനപ്പള്ളി സാഹിത്യ ഗവേഷകന്‍, അധ്യാപകന്‍, പ്രഭാഷകന്‍, ജീവചരിത്രകാരന്‍, ഉപന്യാസകാരന്‍, പത്രപ്രവര്‍ത്തകന്‍ എന്നിങ്ങനെ വ്യത്യസ്ത മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയായിരുന്നു. അദ്ദേഹം മണ്‍മറഞ്ഞിട്ട് കാല്‍ നൂറ്റാണ്ടായിരിക്കുന്നു.

മഹാകവി പുത്തന്‍കാവ് മാത്തന്‍ തരകന്‍റെ ശിഷ്യനായി പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ നിന്നു മലയാളം ബിരുദം നേടിയശേഷം എറണാകുളം മഹാരാജാസ് കോളജില്‍ ബിരുദാനന്തര ബിരുദ പഠനകാലത്ത് ഗുരുവായ പ്രഫ. സി. എല്‍. ആന്‍റണിയാണ് ഡോ. ചന്ദനപ്പള്ളിയെ മിഷനറി മലയാളത്തിന്‍റെ നെല്ലും പതിരും പഠിക്കാന്‍ നിയോഗിച്ചത്. മലയാള സാഹിത്യചരി ത്രത്തില്‍ രേഖപ്പെടുത്താതെ പോയ മിഷനറിമാരുടെ സാഹിത്യ സംഭാവനകള്‍ അങ്ങനെയാണ് ഡോ. ചന്ദനപ്പള്ളി അനാവരണം ചെയ്തു തുടങ്ങിയത്. 'ആശ്ചര്യചൂഡാമണി'യുടെ കര്‍ത്താവായ ശക്തിഭദ്രന്‍റെ ജന്മനാടിനു സമീപം പത്തനംതിട്ട ജില്ലയിലെ ചന്ദനപ്പള്ളിയില്‍ ജനിച്ച സി. ഡി. സാമുവല്‍ എന്ന സാമുവല്‍ ചന്ദനപ്പള്ളി വിദ്യാഭ്യാസകാലം മുതല്‍ പ്രഭാഷണകലയിലാണ് പേരും പെരുമയും നേടിയെടുത്തത്. പ്രഭാഷണത്തിന്‍റെ മുന്നൊരുക്കത്തിനായി നടത്തിയ വായനയാണ് അദ്ദേഹത്തെ സാഹിത്യത്തിന്‍റെ കാണാപ്പാഠങ്ങള്‍ കണ്ടെത്താനുള്ള ഉദ്യമത്തില്‍ എത്തിച്ചത്. അതിന് ആദ്യം വഴിതുറന്നതു മഹാകവി പുത്തന്‍കാവ് മാത്തന്‍ തരകന്‍ തന്നെയായിരുന്നു.

ഡോ. ചന്ദനപ്പള്ളി മിഷനറിമാരുടെ സാഹിത്യ സപര്യകളെപ്പറ്റി പഠിക്കാന്‍ തുടങ്ങുമ്പോള്‍ അതേപ്പറ്റിയുള്ള പഠനങ്ങള്‍ വിരലിലെണ്ണാവുന്നതു മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഡോ. പി. ജെ. തോമസ് എഴുതിയ 'മലയാള സാഹിത്യവും ക്രിസ്ത്യാനികളും' എന്ന പുസ്തകത്തില്‍ മിഷനറിമാരുടെ സാഹിത്യ സംഭാവനകളും ചര്‍ച്ച ചെയ്തിട്ടുണ്ടായിരുന്നു. ഈ പുസ്തകവും വഴികാട്ടിയായി. തുടര്‍ന്ന് ചന്ദനപ്പള്ളി ആദ്യം പഠിച്ചതു മിഷനറി മലയാളം ഗദ്യ മാതൃകകള്‍ കണ്ടെത്താനുള്ള മേഖലയായിരുന്നു. അതിനു പൗളീനോസ് പാതിരി, പിയാനിയസ്, ജരാര്‍ദ്, ഗുണ്ടര്‍ട്ട്, ബെയ്ലി തുടങ്ങിയ മിഷനറിമാരുടെ ജീവിതവും പ്രവര്‍ത്തനങ്ങളും പഠിച്ചു. പത്തൊമ്പതാം നൂറ്റാണ്ടിലാണ് മലയാളത്തില്‍ നവീന ഗദ്യത്തിന്‍റെ ഉദയമെന്നു സമര്‍ഥിക്കുന്നുണ്ടെങ്കിലും പതിനാറാം നൂറ്റാണ്ടു മുതല്‍ മിഷനറിമാര്‍ ഭാഷാശാസ്ത്രം, വിവര്‍ത്തനം, വേദ വ്യാഖ്യാനം, ചരിത്രം, വേദശാസ്ത്രം എന്നിങ്ങനെയുള്ള മേഖലകളില്‍ നടത്തിയിട്ടുള്ള സംഭാവനകളിലൂടെ മലയാളം തമിഴിന്‍റെയും സംസ്കൃതത്തിന്‍റെയും പിടിയില്‍ നിന്നു മോചനം പ്രാപിച്ചതായി ഡോ. ചന്ദനപ്പള്ളി സമര്‍ഥിച്ചു. മലയാളഭാഷയുടെ ആധുനികഘട്ടം യഥാര്‍ഥത്തില്‍ തുടങ്ങുന്നതു പതിനാറാം നൂറ്റാണ്ടില്‍ മിഷനറിമാരുടെ സാഹിത്യ പരിശ്രമങ്ങളിലൂടെയാണെന്നു കണ്ടെത്തിയ ചന്ദനപ്പള്ളി തന്‍റെ നിരീക്ഷണങ്ങള്‍ തന്‍റെ കൃതികളിലൂടെ അവതരിപ്പിച്ചു. അവയില്‍ എടുത്തുപറയേണ്ടതാണ് മിഷനറി മലയാളം ഗദ്യമാതൃകകള്‍. മലയാള ഗദ്യത്തിന്‍റെ വളര്‍ച്ചയും വികാസവും മിഷനറിമാരുടെ ഭാഷാസപര്യയിലൂടെ യാണെന്നുള്ള പാഠങ്ങള്‍ സഹിതം വിശദീകരിക്കുന്ന പുസ്തകമായിരുന്നു 'മിഷനറി മലയാളം ഗദ്യമാതൃകകള്‍.'

തുടര്‍ന്ന് ഡോ. ചന്ദനപ്പള്ളി കൈവച്ചത് തദ്ദേശീയ മിഷനറിമാരുടെ സാഹിത്യ സംഭാവനകള്‍ സംബന്ധിച്ചായിരുന്നു. കേരള യൂണിവേഴ്സിറ്റിയില്‍ ഡോ. പി. വി. വേലായുധന്‍പിള്ളയുടെ കീഴില്‍ അദ്ദേഹം ഗവേഷണം നടത്തിയതു പാറേമ്മാക്കല്‍ തോമ്മാ കത്തനാരുടെ 'വര്‍ത്തമാനപ്പുസ്തക'ത്തെപ്പറ്റിയായിരുന്നു. 1785-ല്‍ എഴുതപ്പെട്ട വര്‍ത്തമാനപ്പുസ്തകത്തിലെ ഗദ്യത്തെ മുന്‍നിര്‍ത്തിയായിരുന്നു ഈ ഗവേഷണം. പതിനെട്ടാം നൂറ്റാണ്ടില്‍ അനേകം വിദേശ പദങ്ങളും ആശയചിന്തകളും മലയാളഭാഷയിലേക്കു സംക്രമിപ്പിച്ചുകൊണ്ടു മലയാളഗദ്യത്തെ ഭാസുരമാക്കാന്‍ പാറേമ്മാക്കല്‍ തോമ്മാ കത്തനാര്‍ക്കു കഴിഞ്ഞതായി ഡോ. ചന്ദനപ്പള്ളി തന്‍റെ പഠനത്തില്‍ ചൂണ്ടിക്കാട്ടി. വര്‍ത്തമാനപ്പുസ്തകത്തെപ്പറ്റി മലയാളത്തില്‍ നടത്തിയ ആദ്യത്തെ പഠനവും ഡോ. സാമുവല്‍ ചന്ദനപ്പള്ളിയുടേതായിരുന്നു.

അതുപോലെ, മലയാളത്തില്‍ ആദ്യമായി ഉദയംപേരൂര്‍ സൂനഹദോസിലെ (1599) കാനോനാകളെപ്പറ്റി പഠനം നടത്തിയതും ഇദ്ദേഹമായിരുന്നു. പതിനാറാം നൂറ്റാണ്ടില്‍ സ്വതന്ത്രമായ മലയാള ഗദ്യത്തിന്‍റെ വളര്‍ച്ചയെ അടയാളപ്പെടുത്തുന്നതാണ് ഇതേപ്പറ്റി എഴുതിയ 'ഉദയംപേരൂര്‍ സുന്നഹദോസിന്‍റെ കാനോനാകള്‍.' പത്തൊമ്പതാം നൂറ്റാണ്ടിലെ നവീന ഗദ്യത്തിന്‍റെ പിതാവെന്നു വിശേഷിപ്പിക്കാന്‍ കഴിയുന്ന റവ. ജോര്‍ജ് മാത്തനെപ്പറ്റിയുള്ള പഠനം ഡോ. ചന്ദനപ്പള്ളിക്കു കേരള യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡി ലിറ്റ് നേടിക്കൊടുത്തു. കേരള യൂണിവേഴ്സിറ്റിയില്‍ അതിനു മുമ്പ് ഡോ. വി. എസ്. ശര്‍മയ്ക്കു മാത്രമേ മലയാളത്തില്‍ ഡി ലിറ്റ് നല്‍കിയിട്ടുള്ളൂ. ജോര്‍ജ് മാത്തന്‍റെ രചനകളുടെ സമ്പൂര്‍ണ സമാഹാരം പഠനത്തോടെ അദ്ദേഹം പ്രസിദ്ധീകരിച്ചു.

ഡോ. ചന്ദനപ്പള്ളി തയാറാക്കിയ രണ്ടു വിശിഷ്ട കൃതികള്‍ മലങ്കരസഭാ പിതാക്കന്മാര്‍, പവിത്രരചനകള്‍ എന്നിവയാണ്. മലയാള സാഹിത്യത്തില്‍ തദ്ദേശീയ സഭാപിതാക്കന്മാരുടെ വേദശാസ്ത്ര ദര്‍ശനം എന്ന പഠനശാഖയ്ക്ക് അദ്ദേഹം തുടക്കം കുറിച്ചെന്നു പറയുന്നതില്‍ തെറ്റില്ല. മലങ്കര സഭയിലെ പിതാക്കന്മാരായ വട്ടശേരില്‍ തിരുമേനി, പൗലോസ് മാര്‍ ഗ്രിഗോറിയോസ്, ഗീവറുഗീസ് മാര്‍ ഒസ്താത്തിയോസ്, തോമ്മാ മാര്‍ ദീവന്നാസ്യോസ്, ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ തുടങ്ങിയവരുടെ വേദശാസ്ത്ര ചിന്തകളും ഇടയലേഖനങ്ങളും കല്പനകളും സമാഹരിച്ച് ആമു ഖപഠനത്തോടെ തയാറാക്കിയതാണ് 'മലങ്കരസഭാ പിതാക്കന്മാര്‍.' മലയാള സാഹിത്യത്തില്‍ പരിശുദ്ധ പരുമല മാര്‍ ഗ്രിഗോറിയോസിന്‍റെ സാഹിത്യ സംഭാവനകള്‍ അരക്കിട്ടുറപ്പിക്കുന്ന ഗ്രന്ഥമാണ് 'പവിത്ര രചനകള്‍.' പരുമല തിരുമേനിയെന്ന് അറിയപ്പെടുന്ന പിതാവിന്‍റെ സ്വകാര്യ കത്തുകളും കല്പന കളും ഇടയലേഖനങ്ങളും ഡോ. ചന്ദനപ്പള്ളി ഈ പുസ്തകത്തില്‍ സമാഹ രിച്ചിട്ടുണ്ട്. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയില്‍ പാഠപുസ്തകമായി 'പവിത്രരചനകള്‍' സിലബസില്‍ ഉള്‍പ്പെടുത്തിയത് ഇതിന്‍റെ മഹത്വത്തെ സൂചി പ്പിക്കുന്നു. തുടര്‍ന്ന് അലക്സിയോസ് മാര്‍ തേവോദോസിയോസ്, ബസേലി യോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍, പത്രോസ് മാര്‍ ഒസ്താത്തിയോസ് എന്നിവരുടെ ജീവചരിത്രങ്ങളും അവരുടെ വേദശാസ്ത്ര സംഭാവനകള്‍ വിവരിക്കുന്ന ഗ്രന്ഥങ്ങളും ചന്ദനപ്പള്ളി രചിച്ചു.

മികച്ച അധ്യാപകന്‍, ഉജ്വല വാഗ്മി എന്നീ നിലകളില്‍ ഡോ. ചന്ദനപ്പള്ളിയെ അടയാളപ്പെടുത്തേണ്ടതുണ്ട്. അദ്ദേഹത്തിന്‍റെ കീഴില്‍ ഗവേഷണം നടത്തി പിഎച്ച്ഡി ബിരുദം സമ്പാദിച്ചവരും ഏറെ ഉണ്ടെന്നുള്ളത് അദ്ദേഹത്തിന്‍റെ നിസ്തന്ദ്രമായ പാണ്ഡിത്യത്തെയും ഭാഷാ പരിജ്ഞാനത്തെയും സൂചിപ്പിക്കുന്നു. അനര്‍ഗളമായി ഒഴുകുന്ന വാക്കുകളും ആശയങ്ങളും മാത്രമല്ല ഡോ. ചന്ദനപ്പള്ളിയെ ഉജ്വല വാഗ്മി എന്നു വിശേഷിപ്പിക്കാന്‍ ഇടയാക്കുന്നത്. പ്രഭാഷണകലയില്‍ ചന്ദനപ്പള്ളിക്കു ചന്ദനസുഗന്ധം പകരുന്ന ശൈലിയുണ്ടെന്ന് സുകുമാര്‍ അഴീക്കോട് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. പ്രഭാഷണകലയില്‍ അദ്ദേഹം ആര്‍ജിച്ച സിദ്ധി ഉപന്യാസരചനയിലും പ്രകാശിപ്പിക്കപ്പെട്ടിരുന്നു.  ഹൃദയത്തിന്‍റെ ഭാഷയില്‍ ഉപന്യാസങ്ങള്‍ ചമയ്ക്കാന്‍ അദ്ദേഹത്തിന വ്യതിരിക്തമായ ഒരു ശൈലിയുണ്ടായിരുന്നു. ചന്ദനപ്പള്ളിയുടെ വിശിഷ്ടമായ ഒരു ഉപന്യാസ സമാഹാരമാണ് 'ചന്ദനവും പള്ളിയും.' എഴുത്തിലും പ്രഭാഷണത്തിലും മാത്രമല്ല, ജീവിതത്തിലും ചന്ദനത്തിന്‍റെ സുഗന്ധം പരത്തിയ മനുഷ്യനായിരുന്നു ഡോ. സാമുവല്‍ ചന്ദനപ്പള്ളി.

(ദീപിക ദിനപത്രത്തില്‍ എഴുതിയത്)

ചന്ദനവും പള്ളിയും | ഡോ. പോള്‍ മണലില്‍

 


ഡോ. സാമുവല്‍ ചന്ദനപ്പള്ളി അന്തരിച്ചിട്ട് കാല്‍ നൂറ്റാണ്ട്


ഡോ. സാമുവല്‍ ചന്ദനപ്പള്ളിയുടെ ഒരു പുസ്തകത്തിന്റെ ശീര്‍ഷകമാണ് 'ചന്ദനവും പള്ളിയും'. 1991-ല്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തില്‍ പ്രൊഫ. സി.എല്‍ ആന്റണി, ഡോ. വി.കെ. നാരായണപിള്ള ഡോ. കെ.എന്‍. എഴുത്തച്ചന്‍, ജെ. മാത്യൂസ്, കെ.വി. സൈമണ്‍, കായം കുളം ഫിലിപ്പോസ് റമ്പാന്‍ എന്നിവരെപ്പറ്റിയുള്ള കുറിപ്പുകളും മൂന്നു ലേഖനങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു. ലേഖനങ്ങളില്‍ ഒരെണ്ണത്തിന്റെ തലക്കെട്ടാണ് പുസ്തകത്തിനു നല്‍കിയിരിക്കുന്ന ശീര്‍ഷകം 'ചന്ദനവും പള്ളിയും'. ഡോ. സാമുവല്‍ ചന്ദനപ്പള്ളിയുടെ അക്ഷരസപര്യയ്ക്കു 2000 ജൂലൈ മൂന്നിനു അന്ത്യം കുറിച്ചെങ്കിലും അദ്ദേഹത്തിന്റെ സാഹിത്യജീവിതത്തിന്റെ സൗരഭ്യം പൂത്തുലഞ്ഞു നില്ക്കുന്ന ഒരു കുറിപ്പാണ് 'ചന്ദനവും
പള്ളിയും'. ഈ ലേഖനത്തിന്റെ ഹൃദയം ചന്ദനപ്പള്ളി ദേവാലയമാണ്. പള്ളിയുടെ പ്രധാന ഉത്തരം പൂര്‍വ്വികര്‍ നിര്‍മ്മിച്ചതു ചന്ദനത്തടി കൊണ്ടാണെന്നും ഈ പ്രദേശത്തു ധാരാളം ചന്ദനവൃക്ഷങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഈ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഡോ. ചന്ദനപ്പള്ളിയുടെ വാക്കുകള്‍ ഉദ്ധരിക്കാം. ''ചന്ദനം തേച്ചാല്‍ നിറം വരുത്തും. ചന്ദനം ചാരിയാല്‍ ചന്ദനം മണക്കും. ചന്ദനത്തടി ഉരഞ്ഞ് ഉരഞ്ഞ് സ്വജീവിതം ത്യജിക്കുന്നു. ഉരയ്ക്കുന്ന കല്ലിനും കുളിര്‍മ്മ നല്‍കുന്നു. സ്വജീവിതം അന്യര്‍ക്കു നല്‍കുന്നതില്‍ ആത്മനിര്‍വൃതിയടയുന്ന ദേവവൃക്ഷം. മനുഷ്യര്‍ക്കു അനുകരണീയമായ മാതൃക. സുഗന്ധം
പ്രദാനം ചെയ്യുന്ന ചന്ദനമുട്ടികളായി മനുഷ്യര്‍ രൂപാന്തരപ്പെടണം''.

ഡോ. സാമുവല്‍ ചന്ദനപ്പള്ളിയുടെ എഴുത്തിന്റെ തത്ത്വശാസ്ത്രവും ഇതു തന്നെയായിരുന്നു. സഭയ്ക്കും സമൂഹത്തിനും സുഗന്ധം പ്രദാനം ചെയ്ത ഒരു ചന്ദനമുട്ടിയായിയുന്നു കാല്‍നൂറ്റാണ്ട് മുമ്പ് നമ്മെ വിട്ടുപിരിഞ്ഞ ചന്ദനപ്പള്ളി ചരിവുകാലായില്‍ സി.ഡി. സാമുവല്‍ എന്ന ഡോ. സാമുവല്‍ ചന്ദനപ്പള്ളി. ആധ്യാത്മിക അനുഭൂതിയുടെ അമരവാണികള്‍ ഉരുവിടുന്ന ദേവാലയങ്ങളുടെ നാട്ടില്‍ ജനിച്ച ഈ പ്രതിഭ തന്റെ ജീവിതത്തില്‍ ചന്ദനത്തെയും പള്ളിയും സമന്വയിപ്പിച്ചുകൊണ്ട് തന്റെ ഹൃദയത്തില്‍ അതിനു പള്ളികൊള്ളാന്‍ ജാലകം തുറന്നുവച്ച അക്ഷരസ്‌നേഹിയും അക്ഷരപാലകനും അക്ഷരജ്ഞാനിയുമായിരുന്നു. ഡോ. സാമുവല്‍ ചന്ദനപ്പള്ളിയുടെ അക്ഷരജീവിതം മുഖ്യമായും മിഷനറി മലയാള സാഹിത്യ പഠനവും മലങ്കരസഭാ പിതൃവിജ്ഞാനീയപഠനവും മുന്‍നിര്‍ത്തിയുള്ളതായിരുന്നു. മിഷനറി മലയാളത്തിന്റെ നെല്ലും പതിരും വേര്‍തിരിച്ചുകൊണ്ട് മിഷനറിമാര്‍ മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നല്‍കിയ സംഭാവനകള്‍ ഡോ. ചന്ദനപ്പള്ളി അവതരിപ്പിച്ചു. ഉദയംപേരൂര്‍ സുന്നഹദോസിന്റെ കാനോനാകള്‍ മുതല്‍ ക്രൈസ്തവ സംസ്‌ക്കാരത്തിന്റെ വേരുകള്‍ തേടി പുറപ്പെട്ട അദ്ദേഹം പതിനാറാം നൂറ്റാണ്ട് മുതല്‍ പത്തൊമ്പതാം നൂറ്റാണ്ടുവരെയുള്ള മിഷനറിമാരുടെ സാഹിത്യ സാഹചര്യകളെപ്പറ്റി പഠിക്കുകയും 'മിഷനറി മലയാള ഗദ്യമാതൃകകള്‍' പോലെയുള്ള അനര്‍ഘമായ രചനകള്‍ നടത്തുകയും ചെയ്തു.

പ്രേഷിത പ്രവര്‍ത്തനത്തിനു കേരളത്തിലെത്തിയ വിവിധ മിഷനറി സംഘങ്ങളിലെ വൈദികര്‍ നടത്തിയ കൈരളീസപര്യ മലയാള ഭാഷയില്‍ പുതുമുദ്രകള്‍ പതിപ്പിക്കുവാന്‍ ഇടവരുത്തിയതായി 'മിഷനറി മലയാള ഗദ്യമാതൃകകള്‍' എന്ന ഗ്രന്ഥത്തില്‍ സാമുവേല്‍ ചന്ദനപ്പള്ളി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഭാഷയ്ക്കും സാഹിത്യത്തിനും മഹത്തായ നേട്ടം കൈവരിക്കുവാന്‍ കഴിഞ്ഞതുകൊണ്ട് മിഷനറിമാരുടെ സേവനകാലത്തെ പ്രേഷിത പ്രവര്‍ത്തിയുടെ 'മഹത്തായയുഗം' എന്ന് ഡോ. ചന്ദനപ്പള്ളി വിശേഷിപ്പിച്ചിട്ടുണ്ട്. ഇപ്രകാരം മലയാള സാഹി ത്യ ചരിത്രത്തില്‍ മിഷനറിമാരെ അടയാളപ്പെടുത്തിയ എഴുത്തുകാരനാണ് ഡോ. ചന്ദനപ്പള്ളി, സംവേദനം, വേദതീര്‍ത്ഥം, ക്രൈസ്തവസംസ്‌കാരം, ജരാര്‍ദിന്റെ അലങ്കാരശാസ്ത്രം, വര്‍ത്തമാനപുസ്തകത്തിനു ഒരവതാരിക, ഉദയംപേരൂര്‍ സുന്നഹദോസിന്റെ കാനോനാകള്‍, മൊഴിവരകള്‍ തുടങ്ങിയ പുസ്തകങ്ങളില്‍ അതിന്റെ രൂപരേഖകള്‍ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. തുടര്‍ന്ന് അദ്ദേഹത്തിന്റെ പഠന-ഗവേഷണങ്ങള്‍ ഉണ്ടായതു തദ്ദേശീയ മിഷനറിമാരുടെയും എഴുത്തുകാരുടെയും സാഹിത്യസംഭാവനകളെ മുന്‍നിര്‍ത്തിയായിരുന്നു. റവ. ജോര്‍ജ് മാത്തന്റെ ഗദ്യപ്രബന്ധങ്ങള്‍, മഹകവി മാത്തന്‍ തരകന്‍ തുടങ്ങിയ രചനകള്‍ അതിന്റെ ദൃഷ്ടാന്തങ്ങളാണ്. എന്നാല്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയെ സംബന്ധിച്ച് ഡോ. സാമുവല്‍ ചന്ദനപ്പള്ളി നടത്തിയിട്ടുള്ള അന്വേഷണങ്ങളും പഠനങ്ങളും സഭയുടെ സാംസ്‌കാരിക പൈതൃകത്തിനും പി താക്കന്മാരുടെ ജീവിതവും ചിന്തകളും അദ്ദേഹം സമാഹരിച്ചു.

മലങ്കരസഭയിലെ പിതാക്കന്മാരുടെ വേദശാസ്ത്ര ചിന്തകളും ദര്‍ശനങ്ങളും സമാഹരിക്കുന്ന ഒരു ഗ്രന്ഥം ആദ്യമായി പ്രസിദ്ധപ്പെടുത്തിയതു ഡോ. സാമുവല്‍ ചന്ദനപ്പള്ളിയാണ്-അതാണ് 'മലങ്കരസഭാ പിതാക്കന്മാര്‍' എന്ന ഗ്രന്ഥം. നമ്മുടെ പിതാക്കന്മാരുടെ വാക്കിലും വചനത്തിലും അടിഞ്ഞുകിടക്കുന്ന വേദശാസ്ത്രവും ദൈവശാസ്ത്രവും സമാഹരിച്ചുകണ്ട് മലയാളത്തില്‍ ഒരു പിതൃവിജ്ഞാനീയ പഠനശാഖയാണ് 'മലങ്കരസഭാപിതാക്കന്മാര്‍' എന്ന ഗ്രന്ഥത്തിലൂടെ ഡോ. ചന്ദനപ്പള്ളി തുറന്നുവച്ചത്. മലങ്കരസഭയുടെ ചരിത്രവും പാരമ്പര്യവും പഠിക്കുന്നവര്‍ക്കു ഡോ. ചന്ദനപ്പള്ളിയുടെ ഉദ്യമങ്ങള്‍ ഭാവിയില്‍ ഒരു വഴികാട്ടിയായിരിക്കും. പിതൃവിജ്ഞാനീയ പഠനശാലയില്‍ പവിത്രരചനകള്‍, മാര്‍ ബസേലി
യോസ് ഗീവര്‍ഗീസ് ദ്വിതീയന്‍, മാര്‍ തെയോഫിലോസിന്റെ പ്രബന്ധങ്ങള്‍, കായംകുളം ഫീലിപ്പോസ് റമ്പാന്‍ പ്രഥമ ബൈബിള്‍ വിവര്‍ത്തകന്‍, പരിശുദ്ധ വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ്, സ്‌നേഹയാത്രികന്റെ ആത്മകഥ, മൈലപ്ര മാത്യൂസ് റമ്പാന്റെ മധുരഭാഷണം, അലക്‌സിയോസ് മാര്‍ തേവോദോസ്യോസ് എന്നീ കൃതികളും ഡോ. ചന്ദനപ്പള്ളി രചിച്ചു. മലങ്കര സഭാ പിതാക്കന്മാരെപ്പറ്റി നടത്തിയ പഠനങ്ങള്‍ അദ്ദേഹത്തിനു കാതോലിക്കേറ്റ് അവാര്‍ഡ് നേടിക്കൊടുത്തു. റവ. ജോര്‍ജ് മാത്തന്റെ സാഹിത്യസംഭാവനകളെപ്പറ്റിയുള്ള പഠനത്തിനു കേരള യൂണിവേഴ്‌സിറ്റി ഡോ. ചന്ദനപ്പള്ളിക്കു ഡി. ലിറ്റ് ബിരുദം സമ്മാനിച്ചു.
(മലങ്കരസഭാ മാസികയില്‍ എഴുതിയത്)